അനന്ത്നാഗ്: പഹൽഗാം ഭീകരാക്രമണത്തിൻ്റെ ഞെട്ടലിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ ആദിൽ ഹുസൈൻ എഎന്ന വീരപുത്രൻ്റെ വിയോഗത്തിൽ വിങ്ങുകയാണ് അനന്ത്നാഗിലെ ജനങ്ങൾ. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഒരേയൊരു പ്രദേശവാസി എന്നത് മാത്രമല്ല ഭീകരരെ സധൈര്യം നേരിട്ട് ജീവത്യാഗം ചെയ്തുവെന്നതാണ് ആദിൽ ഹുസൈൻ്റെ മരണത്തെ വേറിട്ടു നിർത്തുന്നത്.
പാർക്കിംഗിൽ നിന്നും കുന്നിൻമുകളിലുള്ള ബൈസറനിലേക്ക് ആളുകളെ കുതിരപ്പുറത്ത് കൊണ്ടു പോകുന്നതായിരുന്നു ആദിലിൻ്റെ ജോലി. പതിവ് പോലെ സഞ്ചാരികളുമായി പുൽമേട്ടിലേക്ക് ആദിൽ എത്തിയപ്പോൾ ആയിരുന്നു ഭീകരർ വനത്തിനുള്ളിൽ നിന്നും എത്തിയത്.
പേരും സ്ഥലവും ചോദിച്ച് ആദ്യം ഭീകരർ ആദിലിനെ മാറ്റിനിർത്തി. ശേഷം ആദിലിൻ്റെ കുതിരപ്പുറത്ത് വന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കാൻ ശ്രമിച്ചു. അന്നേരം ഭീകരരിലൊരാളെ ആദിൽ തടഞ്ഞു. ഇരുവരും തമ്മിൽ മൽപ്പിടുത്തമായി. ഇതോടെ മറ്റു ഭീകരർ ആദിലിനെ വെടിവച്ചു കൊല്ലുകയായിരുന്നു.
അനന്ത്നാഗിലെ ഹപത്നർ ഗ്രാമത്തിലാണ് ആദിൽഹുസൈനും കുടുംബവും താമസിച്ചിരുന്നത്. പഹൽഗാമിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കുതിരസവാരി നടത്തുന്നതായിരുന്നു ആദിലിൻ്റെ ജോലി. റോഡില്ലാത്തതിനാൽ കുതിരപ്പുറത്തോ നടന്നോ മാത്രമേ പഹൽഗാമിലെത്താനാവൂ.
ഒരു 300-400 രൂപയാണ് കുതിരയുടെ ഉടമ ആദിലിന് കൊടുക്കുക. ശൈത്യകാലത്ത് സഞ്ചാരികൾ വരാതാകുമ്പോൾ അവൻ ജമ്മുവിൽ ജോലിക്ക് പോകും. അവനൊരാളുടെ വരുമാനം കൊണ്ടാണ് ഈ കുടുംബം നിലനിന്നിരുന്നത്. അവനില്ലാതെ ഇനി എങ്ങനെ ജീവിക്കും എന്നറിഞ്ഞൂടാ. ഈ കുടുംബം തന്നെ തലകീഴായി നിൽക്കുന്ന അവസ്ഥയാണ്. – ആദിലിൻ്റെ മാതാവ് ബേബി ജാൻ പറയുന്നു
എൻ്റെ രണ്ടാമത്തെ മകൻ സയ്യീദ് നൌഷാദ് ഹുസൈൻ പഹൽഗാമിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അവൻ വിളിച്ച് ആദിൽ എവിടെയാണുള്ളത് എന്ന് അന്വേഷിച്ചത്. രണ്ട് പേരും പഹൽഗാമിലാണ് ജോലി ചെയ്യുന്നതെങ്കിലും സഞ്ചാരികൾ പോകുന്നതോടെ ആദിൽ വൈകിട്ട് ഗ്രാമത്തിലേക്ക് തിരിച്ചെത്തും. നൌഷാദിന് രാത്രിയും ഓട്ടമുള്ളതിനാൽ അവൻ പഹൽഗാമിൽ തന്നെ നിൽക്കും.
നൌഷാദ് ഫോണ് ചെയ്തതോടെ എനിക്കെന്തോ പേടിയായി. ഞാൻ ആദിലിനെ ഫോണ് ചെയ്തെങ്കിലും കിട്ടിയില്ല.പിന്നെ പഹൽഗാമിൽ ജോലി ചെയ്യുന്ന മറ്റൊരു ബന്ധുവാണ് ആക്രമണത്തിൽ ആദിലിന് വെടിയേറ്റെന്ന് എന്നെ വിളിച്ചു പറഞ്ഞത്. പിന്നെ രാത്രി പത്ത് മണിയോടെയാണ് ആദിൽ ഇനിയില്ലെന്ന് അറിഞ്ഞത് – ആദിലിൻ്റെ പിതാവ് സയ്യീദ് ഹൈദർ ഹുസൈൻ ഷാ വാർത്ത മാധ്യമമയാ വൈറിനോട് പറയുന്നു. ആദിലിൻ്റെ ഖബറടക്ക ചടങ്ങിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പങ്കെടുത്തു. ആദിലിൻ്റെ കുടുംബത്തെ അദ്ദേഹം ആശ്വസിപ്പിച്ചു.
പഹൽഗാം ആക്രമണം കശ്മീരിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ കീഴ്മേൽ മറിക്കുമെന്ന് പഹൽഗാമിലെ കുതിരസവാരിക്കാരുടെ സംഘടനയുടെ അധ്യക്ഷൻ അബ്ദുൾ വഹീദ് വാനി പറഞ്ഞു.
വെടിവയ്പ്പ് നടന്ന വിവരം അറിഞ്ഞപ്പോൾ തന്നെ ഞാൻ പൊലീസിനെ വിളിച്ച് സഞ്ചാരികളെ കയറ്റിവിടുന്നത് തടയണം എന്നു പറഞ്ഞു. ഞാനെത്തുമ്പോൾ പുൽമേടിൽ പലയിടത്തായി മൃതദേഹങ്ങൾ ചിതറി കിടക്കുന്ന അവസ്ഥയായിരുന്നു. പരിക്കേറ്റവരെയെല്ലാം പെട്ടെന്ന് തനന്നെ കുതിരപ്പുറത്തും മറ്റുമായി താഴേക്ക് എത്തിച്ചു. അവിടെ നിന്നാണ് എല്ലാവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 1000-ത്തിനും 1500-നും ഇടയിൽ ആളുകൾ ഭീകരാക്രമണം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നു.
ഒരു പൂന്തോട്ടത്തിലേക്ക് കൊടുങ്കാറ്റ് വന്ന പോലെയാണ് ഈ ഭീകരാക്രമണം. പഹൽഗാമിലെ നൂറുകണക്കിന് മനുഷ്യരുടെ ജീവിതം ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ചുറ്റിപ്പറ്റിയായിരുന്നു. ഞങ്ങളുടെയെല്ലാം ജീവിതത്തെ ഈ ദുരന്തം മാറ്റി മറിക്കും – അബ്ദുൾ വഹീദ് വാനി പറയുന്നു.