കോയമ്പത്തൂര്‍: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന് നേരെ പുതിയ ആരോപണം. കോയമ്പത്തൂർ ഇഷ യോഗ ഹോം സ്കൂളിലെ നാല് ജീവനക്കാർക്കും മുൻ വിദ്യാർത്ഥിക്കുമെതിരെ പോക്സോ കേസെടുത്ത് പൊലീസ്. ആന്ധ്ര സ്വദേശിയായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ നൽകിയ പരാതിയിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
പരാതി പിൻവലിക്കാൻ തനിക്ക് മേൽ വലിയ സമ്മർദവും ഭീഷണിയും ഉണ്ടായിയെന്ന് പരാതിക്കാരി പറയുന്നു. ആരോപണവിധേയൻ സ്വാധീനമുള്ള കുടുംബാഗം എന്നായിരുന്നു സ്കൂൾ അധികൃതരുടെ മറുപടിയെന്നും പരാതിക്കാരി ആരോപിച്ചു. ലൈംഗിക അതിക്രമം നേരിട്ടത് പെൺകുട്ടി ആയിരുന്നെങ്കിൽ നടപടി എടുത്തേനേ എന്നും സ്കൂൾ അധികൃതർ മറുപടി നൽകിയതായി വിദ്യാർത്ഥിയുടെ അമ്മ പറയുന്നു. കേസെടുക്കാതിരിക്കാൻ കോയമ്പത്തൂർ പൊലീസും പരമാവധി ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.
നവംബറിലാണ് വിദ്യാർത്ഥിയുടെ പരാതി നൽകുന്നത്. ജനുവരി 31ന് എഫ്ഐആര്‍ ഇട്ടു. കേസെടുത്തെന്ന് അറിയിച്ചതും പരാതിക്കാർക്ക് പകർപ്പ് നൽകിയതും മാർച്ച് അവസാന ആഴ്ചയിലാണ്. പോക്സോ 10, 21(2), 9(1) വകുപ്പുകളും ബിഎൻഎസ് 476 വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായില്ല. സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്നാണ് ഇഷ ഫൗണ്ടേഷൻ്റെ പ്രതികരണം.