വവ്വാലുകളുടെ പ്രജനനകാലത്തിന്റെ അവസാനം ഉണ്ടാകുന്ന സ്രവങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കൂടുതലായിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വവ്വാലുകളെ പ്രകോപിപ്പിക്കരുത് എന്നും പ്രകോപിപ്പിക്കുമ്പോള്‍ കൂടുതല്‍ വൈറസുകളെ പുറപ്പെടുവിക്കുമെന്നും ശാസ്ത്രീയമായ പഠനത്തില്‍ തെളിഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.
‘ഒരു പ്രത്യേക കാലത്ത്, പ്രത്യേകിച്ചും പ്രജനനകാലത്താണ് വവ്വാലുകളില്‍ വൈറസ് കൂടുതലായിട്ടുള്ളത്. ഏപ്രില്‍, മെയ് മാസം മുതല്‍ സെപ്തംബര്‍ അവസാനം വരെയാണ് വവ്വാലുകളുടെ പ്രജനനകാലം. ആ ഒരു കാലഘട്ടത്തില്‍ ഉണ്ടാവുന്ന സ്രവങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കൂടുതലായിരിക്കുമെന്നാണ് ഐ.സി.എം.ആര് പഠനം. ബോധവല്‍ക്കരണം നടത്തുന്നുണ്ട്.
വവ്വാലുകളെ പ്രകോപിപ്പിക്കരുത്. പടക്കം പൊട്ടിച്ചും തീ കത്തിച്ചും അവയെ ഓടിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ വരുമ്പോള്‍ അവ കൂടുതല്‍ വൈറസുകളെ പുറംതള്ളുമെന്നാണ് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളത്,’ വീണാ ജോര്‍ജ്ജ് പറഞ്ഞു.
നിലവില്‍ ഹൈറിസ്ക് കോണ്ടാക്ടിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കും പരമാവധി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാനാണ് തീരുമാനമെന്നും ഇനി മുതല്‍ ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ഇന്ന് നിപ സ്ഥിരീകരിച്ചത് ചെറുവണ്ണൂര്‍-കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ 39 വയസ്സുള്ളയാള്‍ക്കാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുള്ള ആരോഗ്യപ്രവര്ത്തകന് കാര്യമായ ലക്ഷണങ്ങളില്ല. കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടില്ല. എന്നാല്‍ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.