അഞ്ച് മാസം പ്രായമുള്ള ഇസുവിനെ മാറോട് ചേർത്ത് മലയാളികളോട് നന്ദി പറയുകയാണ് ശ്രീലങ്കൻ സ്വദേശിനി ഫസ്ലിന. ബന്ധുവിന്റെ ചതിയിൽ റിയൽ എസ്റ്റേറ്റ് കേസിൽ അകപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാകാതെ അജ്മാനിലെ ഒറ്റമുറിയിൽ കഴിയുകയായിരുന്നു ഫസ്ലിനയും മകൻ 5 മാസം പ്രായമുള്ള മുഹമ്മദ് ഇസ്സത്തും. വീട്ടുജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഫസ്ലിയ കുഞ്ഞിനുള്ള പാൽപ്പൊടി പോലും വാങ്ങാനുള്ള വക കണ്ടെത്തിയിരുന്നത്.
ഓർക്കാനിഷ്ടപ്പെടാത്ത ദിനങ്ങൾ
6 വർഷം മുൻപാണ് അജ്മാനിലെ ഒരു സ്കൂളിൽ ബസ് അറ്റന്ററായി ഫസ്ലിന ജോലിക്കെത്തുന്നത്. മൂത്ത രണ്ട് മക്കളെ ശ്രീലങ്കയിൽ മാതാപിതാക്കളെ ഏൽപ്പിച്ച് ജീവിതം സ്വസ്ഥമായി നയിക്കുന്നതിനിടെയാണ് ഫസ്ലിനയുടെ ഉറ്റബന്ധു ജോലിക്കായി യുഎഇയിലെത്തുന്നത്. കമ്പനി വിസയില്ലാത്ത ഇവർക്ക് വാടകവീടെടുക്കാൻ സ്വന്തം പേരിലുള്ള ചെക്കുകൾ ഒപ്പിട്ട് നൽകിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ആദ്യമൊക്കെ കൃത്യമായി ബന്ധു തുക അടച്ചെങ്കിലും പതിയ അടവ് മുടക്കി. എന്നാൽ ഈ വിവരം സമർത്ഥമായി അവർ ഫസ്ലിനയിൽ നിന്ന് മറച്ചു വയ്ക്കുകയും ചെയതു.
റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിന്ന് അറിയിപ്പ് വന്നപ്പോഴും ബന്ധു സത്യം തുറന്ന് പറഞ്ഞില്ല. രണ്ട് വർഷം മുൻപ് ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ എമിഗ്രേഷനിൽ വച്ചാണ് തന്റെ പേരിൽ കേസും ട്രാവൽ ബാനുമുള്ള വിവരം യുവതി അറിയുന്നത്. തൊഴിൽ തേടി ഭർത്താവും പിന്നാലെ എത്തിയെങ്കിലും അദ്ദേഹവും തൊഴിൽ തട്ടിപ്പിനിരയായതോടെ ബാധ്യത തിരിച്ചടയ്ക്കാനുള്ള വഴിയടഞ്ഞു. അതിനിടെ ഫസ്ലിന മകനെ ഗർഭം ധരിച്ചു. പുതിയ വിസയിലേക്ക് മാറാത്തതും താമസ രേഖകളില്ലാത്തതിനാലും ആശുപത്രിയിൽ പ്രസവം നടന്നില്ല. പരിമിതമായ സൌകര്യങ്ങളിൽ താമസയിടത്താണ് മകന് ജന്മം നൽകിയത്.
പൊതുമാപ്പിന്റെ കനിവിൽ ഭർത്താവിനെ നാട്ടിലേക്കയച്ചയപ്പോഴും സാമ്പത്തിക ബാധ്യതകൾ ഫസ്ലിനയ്ക്ക് വിലങ്ങുതടിയായി. ശ്രീലങ്കൻ എംബസിയിലും വിവിധ സംഘടനകളെയും സാമൂഹിക പ്രവർത്തകരെയും സമീപിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും വീടുകളിൽ കൈക്കുഞ്ഞുമായി പണിയെടുത്ത് ഒറ്റമുറിയിൽ ദുരിതജീവിതം.
ജീവിതം മാറിയ നിമിഷം
നോമ്പുകാലത്തെ ഗ്രോസറി കിറ്റ് വിതരണത്തിന് അജ്മാനിലെത്തിയ സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രന്റെ ശ്രദ്ധയിൽ അമ്മയും കുഞ്ഞുമെത്തിയതോടെ കഥ മാറി. ഗ്രോസറി കിറ്റും അവശ്യ സാധനങ്ങളുമെത്തിച്ച അദ്ദേഹം നാട്ടിലേക്ക് മടങ്ങാൻ വേണ്ട സഹായങ്ങൾ ചെയ്യാമെന്നേറ്റ് വാർത്ത എഡിറ്റോറിയലിന്റെ ശ്രദ്ധയിൽപ്പെടുത്തി. വാർത്തയ്ക്ക് പിന്നാലെ അയൽരാജ്യക്കാരിയായ യുവതിയെ മലയാളി സമൂഹം ചേർത്തുപിടിച്ചു. കുഞ്ഞിനും യുവതിക്കുമുള്ള ഭക്ഷണ സാധനങ്ങളും പാൽപ്പൊടിയുമടക്കം ഒറ്റമുറിയിൽ നിമിഷ നേരം കൊണ്ട് കുമിഞ്ഞുകൂടി.
17000 ദിർഹം എന്ന തുക ഉടമകളായ ജീപാസ് 12000 ദിർഹമായി കുറച്ചു. ജീ പാസ് മാനേജർ സെയ്ദ് ബുഖാരിയുടെ ഇടപെടൽ നിർണായകമായി. സാമൂഹിക പ്രവർത്തകൻ സിറാജുദ്ദീൻ കോളിയാട്, സജ്ന എന്നിവർ 6000 ദിർഹം വീതം നൽകി ബാധ്യത തീർത്തു. പിന്നെയുമുണ്ട് കടമ്പകൾ ഔട്ട് പാസും കുഞ്ഞിന്റെ പാസ്പോർട്ടിനുമുള്ള തുകയും മടക്കയാത്രക്കുള്ള ടിക്കറ്റും പേര് പറയാൻ താല്പര്യമില്ലാത്ത സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മ യുവതിക്കും കുഞ്ഞിനും കൈമാറി.