വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു 88-കാരനായ പോപ്പിൻ്റെ വിടവാങ്ങൽ. പ്രാദേശിക രാവിലെ 7.35നാണ് പോപ്പിൻ്റെ മരണം സ്ഥിരീകരിച്ചത്.
ന്യൂമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ പോപ്പ് ആരോഗ്യനില വീണ്ടെടുത്ത് മാർച്ച് 23 മുതൽ കർമ്മരംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ ഈസ്റ്റർ ഞായറിൽ ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് അദ്ദേഹം സന്ദേശവും നൽകിയിരുന്നു. ഇതിന് ശേഷമാണ് തീർത്തും അപ്രതീക്ഷിതമായി അദ്ദേഹത്തിൻ്റെ മരണവാർത്ത എത്തിയിരിക്കുന്നത്.
അർജൻ്റീനയയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ്ജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13-നാണ് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. സമ്പന്ന ജീവിതം ഉപേക്ഷിച്ച് ഇല്ലായ്മയിൽ ജീവിതപ്രകാശം കണ്ടെത്തിയ അസ്സീസ്സിയ ഫ്രാൻസിസിൻ്റെ പേരാണ് കർദിനാൾ മാരിയോ ബർഗോളിയോ മാർപ്പാപ്പയായി ചുമതലയേറ്റപ്പോൾ ഔദ്യോഗിക നാമമായി തെരഞ്ഞെടുത്തത്. കാത്തോലിക്ക സഭയുടെ 266-ാം മാർപ്പാപ്പയായി 2013 മാർച്ച് 13-ന് അദ്ദേഹം ചുമതലയേറ്റു. 13 വർഷവും ഒരു മാസവും ആ പദവി വഹിച്ചു. ലാറ്റിനമേരിക്കരിയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയിരുന്നു അദ്ദേഹം.
വത്തിക്കാനിൽ ഇനിയെന്ത് ?
നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരപ്രകാരമാണ് പോപ്പിൻ് സംസ്കാരം നടക്കേണ്ടത്. എന്നാൽ ഈ ചടങ്ങുകൾ ലളിതമാക്കി കൊണ്ടുള്ള ഭേദഗതി ഫ്രാൻസിസ് മാർപാപ്പ് തന്നെ നേരത്തെ നടത്തിയിട്ടുണ്ട്.
സൈപ്രസ് തടി, ഓക്ക് മരം, ഈയം എന്നിവ കൊണ്ടുണ്ടാക്കിയ ശവപ്പെട്ടിയിലാണ് പോപ്പിനെ അടക്കേണ്ടത് എന്നാണ് ആചാരം. എന്നാൽ അന്ത്യനിദ്രയ്ക്ക് സാധാരണ മരത്തടികൊണ്ടുള്ള പേടകം മതിയെന്നാണ് പോപ്പ് നിർദേശിച്ചിട്ടുള്ളത്. കാറ്റഫാൽഗ് എന്ന പ്രത്യേകം ഒരുക്കിയ പ്ലാറ്റ്ഫോമിൽ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ മൃതദേഹം പൊതുദർശനത്തിന് സൂക്ഷിക്കുന്ന രീതി അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വത്തിക്കാന്‍ പുറത്ത് അടക്കം ചെയ്യപ്പെടുന്ന ആദ്യ മാർപാപ്പയും പോപ്പ് ഫ്രാൻസിസാണ് അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലാണ് അദ്ദേഹം അടക്കപ്പെടുക്ക.
കോളേജ് ഓഫ് കർദിനാൾസ് എന്നറിയിപ്പെടുന്ന കാത്തോലിക്ക സഭയുടെ ഉന്നത പുരോഹിത വിഭാഗമാണ് ഇനി അടുത്ത പോപ്പിനെ തെരഞ്ഞെടുക്കേണ്ടത്. നിലവിൽ 252 കത്തോലിക്ക കർദിനാൾമാർ ഉള്ളതിൽ 138 പേർക്കാണ് വോട്ടവകാശമുള്ളത്. 80 വയസ്സ് പിന്നിട്ട കർദിനാൾമാർക്ക് വോട്ടവകാശമില്ലെങ്കിലും അടുത്ത പോപ്പിനെ കണ്ടെത്താനായി നടത്തുന്ന കോണ്‍ക്ലേവിലെ ചർച്ചകളിൽ അവർക്ക് പങ്കെടുക്കാം.
നിലവിലെ പോപ്പ് മരണപ്പെടുകയോ വിരമിക്കുകയോ ചെയ്താൽ വത്തിക്കാനിലേക്ക് ലോകത്തെ എല്ലാ ഭാഗത്തും നിന്നും കർദിനാൾമാരെ വിളിച്ചു വരുത്തും. തുടർന്ന് ഇവർ നടത്തുന്ന യോഗമാണ് കോണ്‍ക്ലേവ് എന്നറിയപ്പെടുന്നത്. മൈക്കളാഞ്ചാലോ കലാവിരുതുകൾ പതിഞ്ഞ സിസ്റ്റൈൻ ചാപ്പലിൽ വച്ചാണ് അതീവ രഹസ്യമായി കോണ്‍ക്ലേവ് ചേരുക.
ചർച്ചകൾക്ക് ശേഷം തങ്ങൾക്ക് അനുയോജ്യർ എന്നു തോന്നുന്ന കർദിനാളിനെ അടുത്ത മാർപാപ്പയാക്കാൻ കർദിനാൾമാർ തന്നെ വോട്ടു ചെയ്യും. വോട്ടിംഗിന് ശേഷം ഇതിനായി ഉപയോഗിച്ച ബാലറ്റ് പേപ്പറുകൾ ചാപ്പലിനുള്ളിൽ തീയിട്ട് നശിപ്പിക്കും. ചാപ്പലിലെ പുകക്കുഴലിലൂടെ വരുന്ന പുക കറുത്ത നിറമാണെങ്കിൽ തെരഞ്ഞെടുപ്പ് ഫലം കണ്ടില്ലെന്ന് അർത്ഥം. എന്നാൽ വെളുത്ത പുകയാണ് വരുന്നതെങ്കിൽ പുതിയ മാർപാപ്പയെ കണ്ടെത്തിയെന്ന് അർത്ഥം. വെളുത്ത പുക വന്ന് ഉടനെ തന്നെ സിസ്റ്റെൻ ചാപ്പലിൽ നിന്നും സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് അഭിമുഖമായി വരുന്ന മട്ടുപ്പാവിൽ പുതിയ മാർപാപ്പ പ്രത്യക്ഷപ്പെടും.