ഷിരൂർ: കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനായി രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തി. രക്ഷാപ്രവർത്തനത്തിന്റെ ആറാം ദിവസത്തിലാണ് മേജർ അഭിഷേകിന്റെ നേതൃത്വത്തിൽ 40 അംഗ സംഘമെത്തിയത്. പിന്നാലെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. അപകടം നടന്ന് ആറാമത്തെ ദിവസമാണ് മുഖ്യമന്ത്രി ദുരന്ത സ്ഥലത്ത് എത്തുന്നത്.രക്ഷാപ്രവർത്തനത്തിനായി അപകടസ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് ലോറിയുണ്ടായിരുന്ന സ്ഥാനം കണ്ടെത്തി രക്ഷാപ്രവർത്തനം കേന്ദ്രീകരിക്കാമെന്നാണ് പ്രതീക്ഷ. കെ.സി. വേണുഗോപാൽ എം.പി, ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥുമായി നടത്തിയ ചർച്ചയിലാണ് ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കാമെന്ന് അറിയിച്ചത്.വൻതോതിൽ മണ്ണിടിഞ്ഞ് കിടക്കുന്ന മേഖലയിൽ റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലഭിച്ച സിഗ്നലുകളുടെ ഭാഗത്താണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തുക. ഏകദേശം ഹൈവേയുടെ മധ്യഭാഗത്തായി അടിഞ്ഞുകൂടിയ മൺകൂനയിലാണ് യന്ത്രഭാഗത്തിന്റേതെന്ന് കരുതാവുന്ന സിഗ്നൽ ലഭിച്ചത്. ഇത് ലോറിയുടേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കുന്നിടിഞ്ഞ് ആറു മീറ്ററോളം ഉയരത്തിൽ ഹൈവേയിൽ മൺകൂന രൂപപ്പെട്ടിരുന്നു. നീക്കുന്തോറും മണ്ണിടിയുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്.