ഇൻഡസ്ട്രി ഹിറ്റ്: റെക്കോർഡ് വീണ്ടും സ്വന്തം പേരിലാക്കി മോഹൻലാൽ
മലയാളസിനിമയിലെ ഏറ്റവും വരുമാനം നേടിയ ചിത്രം എന്ന നേട്ടം റിലീസ് ചെയ്ത് പത്താം ദിവസം എമ്പുരാൻ സ്വന്തമാക്കിയതോടെ വീണ്ടും ബോക്സ് ഓഫീസിൽ പുതുചരിത്രം കുറിക്കുകയാണ് മോഹൻലാൽ. 2000 മുതൽ കഴിഞ്ഞ 25 വർഷത്തിൽ ഭൂരിപക്ഷവും ഇൻഡസ്ട്രി ഹിറ്റ് എന്ന റെക്കോർഡ് മോഹൻലാൽ സിനിമകളുടെ പേരിലായിരുന്നു.
രണ്ടായിരത്തിൽ ആശീർവാദ് സിനിമാസ് നിർമ്മിച്ച് ഷാജികൈലാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നരസിംഹം മലയാള സിനിമയിലെ സകല കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ചിരുന്നു.2008-ൽ താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ദിലീപ് നിർമ്മിച്ച ട്വൻ്റി 20 എന്ന സിനിമയാണ് മോഹൻലാലിൻ്റെ അടുത്ത ഇൻഡസ്ട്രി ഹിറ്റ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നിവരെല്ലാം ഈ ചിത്രത്തിലുണ്ടായിരുന്നു.
2013ൽ ദൃശ്യം ഒന്നാം ഭാഗത്തിലൂടെ ഇൻഡസ്ട്രി ഹിറ്റ് ടാഗ് വീണ്ടും മോഹൻലാൽ ചിത്രത്തിന് കിട്ടി. ആദ്യമായി അൻപത് കോടി ക്ലബിലെത്തിയ മലയാള ചിത്രമായിരുന്നു ദൃശ്യം. 2016-ൽ പുലിമുരുകനിലൂടെ നൂറ് കോടി ക്ലബിലേക്കും മലയാള സിനിമ എത്തി. ഇപ്പോൾ ഒൻപത് വർഷങ്ങൾക്ക് ശേഷം എമ്പുരാനിലൂടെ റെക്കോർഡ് വീണ്ടും തിരുത്തപ്പെടുകയാണ്.
ഇതിനിടെ മമ്മൂട്ടി ചിത്രം രാജമാണിക്യം 2005 -ലും യുവതാരങ്ങളെ അണിനിരത്തി ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്സ്മേറ്റ്സ് 2006 -ലും ഇൻഡസ്ട്രി കളക്ഷൻ റെക്കോർഡ് തിരുത്തി. 2015 -ൽ എത്തിയ പ്രേമം ഇൻഡസ്ട്രി ഹിറ്റായെങ്കിലും തൊട്ടടുത്ത വർഷം പുലിമുരുകനിലൂടെ മോഹൻലാൽ ഹിറ്റ് ടാഗ് തിരികെ പിടിച്ചു. 2023 , 2024 വർഷങ്ങളിൽ 2018 , മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾ ഇൻഡ്സ്ട്രി ടാഗ് സ്വന്തമാക്കി ഒടുവിൽ എമ്പുരാനിലൂടെ ഇതേ ഹിറ്റ് ടാഗ് മോഹൻലാലിപ്പോൾ തിരികെ നേടിയിരിക്കുകയാണ്.
2000 മുതലുള്ള 25 വർഷത്തിൽ പത്ത് സിനിമകളാണ് ഇൻഡസ്ട്രി ഹിറ്റായി മാറിയത്. ഇതിൽ നാലും മോഹൻലാൽ ചിത്രങ്ങളാണ് ഇതോടൊപ്പം ട്വന്റി 20 എന്ന മൾട്ടിസ്റ്റാർ ചിത്രത്തിലും മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ രാജമാണിക്യമാണ് ഇൻഡസ്ട്രി ഹിറ്റായ ഏക ചിത്രം. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളല്ലാതെ ഒരു നായകനടൻ്റേതായി ഇൻഡസ്ട്രി ഹിറ്റടിച്ച ഏക സിനിമ നിവിൻ പോളിയുടെ പ്രേമമാണ്. ക്ലാസ്സ്മേറ്റ്സ്, 2018 , മഞ്ഞുമ്മൽ ബോയ്സ് എന്നിവയെല്ലാം മൾട്ടിസ്റ്റാർ ചിത്രങ്ങളാണ്. മലയാള സിനിമയിലെ ഹിറ്റുകളെ കുറിച്ച് പറയുമ്പോൾ 2024 വർഷത്തെക്കുറിച്ചും പ്രത്യേകം പരാമർശിക്കണം. ആ വർഷം ഇറങ്ങിയ ആറ് ചിത്രങ്ങളാണ് നൂറ് കോടി ക്ലബിലെത്തിയത്.
മഞ്ഞുമ്മൽ ബോയ്സ് (242 കോടി), ആടുജീവിതം (160 കോടി), ആവേശം (156 കോടി), പ്രേമലു (136 കോടി), അജയൻ്റ് രണ്ടാം മോഷണം (106) കോടി, മാർക്കോ (155 കോടി) എന്നിവയാണിവ. പതിവിന് വിപരീതമായി കേരളത്തിന് പുറത്തെ തീയേറ്ററുകളിലും മികച്ച കളക്ഷൻ നേടി എന്നതാണ് ഈ സിനിമകളുടെ പ്രത്യേകത. ഇതേ ട്രെൻഡാണ് എമ്പുരാനിലും പ്രതിഫലിക്കുന്നത്. പത്ത് ഇൻഡസ്ട്രി ഹിറ്റുകളിലും മൂന്നും നിർമ്മിച്ച് ആശീർവാദ് സിനിമാസാണ് എന്ന പ്രത്യേകതയുമുണ്ട്. ഒരു ഇൻസ്ട്രി ഹിറ്റായ രാജമാണിക്യം സംവിധാനം ചെയ്ത അൻവർ റഷീദാണ് പത്ത് വർഷത്തിന് ശേഷം മറ്റൊരു ഇൻഡസ്ട്രി ഹിറ്റായ പ്രേമം നിർമ്മിച്ചത്. രണ്ടായിരത്തിൽ പുറത്തിറങ്ങിയ നരസിംഹവും 2008-ൽ ഇറങ്ങിയ ട്വൻ്റി 20യും അഞ്ച് വർഷത്തോളം ഇൻഡസ്ട്രി ഹിറ്റ് എന്ന ടാഗ് ലൈൻ സ്വന്തമാക്കി തുടർന്നു. എന്നാൽ 201,2016,2023,2024,2025 വർഷങ്ങളിൽ ഈ റെക്കോർഡ് തുടർച്ചയായി തിരുത്തപ്പെട്ട ട്രെൻഡും ദൃശ്യമായി.
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റുകൾ
- നരസിംഹം (2000)
- രാജമാണിക്യം (2005)
- ക്ലാസ്സ്മേറ്റ്സ് (2006)
- ട്വൻ്റി 20 (2008)
- ദൃശ്യം (2013)
- പ്രേമം (2015)
- പുലിമുരുകൻ (2016)
- 2018 (2023)
- മഞ്ഞുമ്മൽ ബോയ്സ് (2024)
- എമ്പുരാൻ (2025)