സിനിമാ ഗായകരുടെ സംഘടനയായ ‘സമ’യിൽ നിന്ന് (സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവിസ്) രാജിവച്ച് സൂരജ് സന്തോഷ്. സൈബർ ആക്രമണത്തിൽ തന്നെ സംഘടന പിന്തുണച്ചില്ല എന്നതിനെ തുടർന്നാണ് രാജി. അയോധ്യ രാമക്ഷേത്ര വിവാദത്തിൽ ഗായിക കെ.എസ്.ചിത്രയെ സൂരജ് വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു സൈബർ ആക്രമണം.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമാണ് ചിത്ര പറഞ്ഞത്. ഈ പരാമർശത്തെയാണ് സൂരജ് വിമർശിച്ചത്. പള്ളി പൊളിച്ചാണ് അമ്പലം പണിയുന്നത് എന്ന് സൗകര്യ പൂർവ്വം മറന്നുവെന്നും ഇനിയെത്ര വിഗ്രഹങ്ങൾ വീണുടയാൻ കിടക്കുന്നു എന്നുമായിരുന്നു സൂരജിന്റെ വിമർശനം.
വിമർശനത്തിന് പിന്നാലെ സൂരജിനെതിരെ സമൂഹമാധ്യമത്തിൽ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇതിൽ പ്രതികരിച്ച് സൂരജ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ആക്രമണത്തിന് എതിരായി നിയമനടപടി സ്വീകരിക്കുമെന്നും സൂരജ് വ്യക്തമാക്കിയിരുന്നു.