ധാക്ക പ്രീമിയർ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ തമീം ഇഖ്ബാലിന് ഹൃദയാഘാതം സംഭവിച്ചു. തലസ്ഥാനമായ ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള സവാറിലെ ഒരു ആശുപത്രിയിൽ ആണ് അദ്ദേഹം നിലവിൽ ചികിത്സയിലുള്ളത്.
അദ്ദേഹത്തിന്റെ നില ‘ഗുരുതര’മാണെന്നും ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിൽസ നടക്കുന്നതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
“ഗ്രൗണ്ടിൽ നിന്നും മെഡിക്കൽ ടീം അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ പെട്ടെന്ന് എത്തിച്ച് പ്രാഥമിക പരിശോധനയ്ക്ക് വിധേയനാക്കി, അവിടെ വച്ച് നേരിയ തോതിൽ ഹൃദയാഘാതം ഉണ്ടെന്ന് ഉറപ്പിച്ചു. അടിയന്തരമായി അദ്ദേഹത്തെ ധാക്കയിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു പിന്നീട് ശ്രമിച്ചത്., പക്ഷേ ഹെലിപാഡിലേക്കുള്ള യാത്രയിൽ അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു, ഉടൻ തന്നെ തിരികെ കൊണ്ടുവരേണ്ടിവന്നു. പിന്നീട് ഇത് ഒരു വലിയ ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു,” ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ഡോ. ദേബാഷിഷ് ചൗധരി വ്യക്തമാക്കി.
“ഇത് നമുക്കെല്ലാവർക്കും ബുദ്ധിമുട്ടുള്ള സമയമാണ്. അദ്ദേഹം നിലവിൽ നിരീക്ഷണത്തിലാണ്, അദ്ദേഹത്തിന്റെ സുഖം പ്രാപിക്കാൻ മെഡിക്കൽ ടീം സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് – ചൗധരി കൂട്ടിച്ചേർത്തു.
സവാറിലെ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരം കളിക്കുന്നതിനിടെ തമീമിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ആദ്യം ഹെലികോപ്റ്ററിൽ ധാക്കയിലേക്ക് അദ്ദേഹത്തെ എത്തിക്കാൻ അധികൃതർ ക്രമീകരണങ്ങൾ ചെയ്തിരുന്നു, പക്ഷേ ബി.കെ.എസ്.പി ഗ്രൗണ്ടിൽ നിന്ന് അദ്ദേഹത്തെ വിമാനത്തിൽ കൊണ്ടുപോകാൻ കഴിഞ്ഞില്ല, ഫാസിലതുന്നെസ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
“അദ്ദേഹം ഗുരുതരാവസ്ഥയിൽ തിരിച്ചെത്തി. ഹൃദയാഘാതം സംഭവിച്ചിട്ടുണ്ട്. ബ്ലോക്ക് നീക്കം ചെയ്യാൻ ഞങ്ങൾ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും നടത്തി. മെഡിക്കൽ നടപടിക്രമങ്ങൾ സുഗമമായി നടന്നു. അദ്ദേഹം നിലവിൽ നിരീക്ഷണത്തിലാണ്. ബി.കെ.എസ്.പി ആശുപത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജനുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനുശേഷം തമീം പ്രാദേശിക മത്സരങ്ങൾ കളിക്കുകയും കമന്ററിയുമായി തിരക്കിലായിരുന്നു.