അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിലേക്ക് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവിന് ക്ഷണമില്ല. ഫൈനലിലേക്ക് തന്നെയാരും ക്ഷണിച്ചില്ലെന്ന കാര്യം കപിൽ തന്നെയാണ് ഒരു വാർത്ത ചാനലിനോട് വെളിപ്പെടുത്തിയത്. അവർ എന്നെ ഫൈനലിന് വിളിച്ചില്ല, അതിനാൽ ഞാൻ പോയില്ല. 83-ലെ ലോകകപ്പ് നേടിയ എല്ലാവരും ഇന്നത്തെ കളി കാണാനുണ്ടാവണം എന്നായിരുന്നു എൻ്റെ ആഗ്രഹം. അവിടെ ഒരു പാട് കാര്യങ്ങൾ നടക്കുന്നുണ്ട്. എല്ലാവർക്കും ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ചിലപ്പോൾ തിരക്കിൽ അവർ മറന്നു പോയി കാണും… ഫൈനലിന് ക്ഷണം ലഭിക്കാത്തതിനെ കുറിച്ച് കപിൽ ദേവ് പറയുന്നു.

ലോകകപ്പ് ഫൈനലിന് ഇതുവരെ കിരീടം നേടിയ എല്ലാ ക്യാപ്റ്റൻമാരേയും ഐസിസി ക്ഷണിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായ ഒരു സ്ഥിരീകരണം വന്നിരുന്നില്ല. എന്നാൽ ഇന്ത്യയിൽ നടക്കുന്ന ഇന്ത്യൻ ടീം പങ്കെടുക്കുന്ന ഫൈനൽ മത്സരത്തിൽ ലോകകപ്പ് ജയിച്ച ടീമിൻ്റെ ക്യാപ്റ്റന് ക്ഷണം ലഭിച്ചില്ലെന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

അതേസമയം ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീം ബാറ്റിംഗ് തകർച്ചയെ നേരിടുകയാണ്. കെഎൽ രാഹുൽ, വിരാട് കോഹ്ലി, രോഹിത് ശർമ ഒഴികെ ബാക്കിയെല്ലാ ബാറ്റ്സ്മാൻമാരും ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടു. ടൂർൺമെൻ്റിൽ ഇതാദ്യമായി ഇന്ത്യ ഓൾ ഔട്ടായതും ഇന്നത്തെ മത്സരത്തിലാണ്.
