അബുദാബി: അടുത്ത അഞ്ച് വർഷത്തിനകം യുഎഇ – ഇന്ത്യ സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കുകൾ 20 ശതമാനം വരെ കുറയുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾനാസർ ജമാൽ അൽഷാലി. ടിക്കറ്റ് നിരക്കിൽ ഇത്രത്തോളം കുറവ് വരുമ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് 100 കോടി വരെ ലാഭിക്കാൻ കഴിയുമെന്നും ജമാൽ അൽഷാലി ഒരു ദേശീയമാധ്യമത്തോട് സംസാരിക്കുമ്പോൾ പറഞ്ഞു.
ഇന്ത്യയുമായി 4:1 എയർ കണക്ടിവിറ്റി ക്രമീകരണം വേണമെന്ന് യുഎഇ നിർദേശിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് ഈ നീക്കം. ഇന്ത്യൻ വിമാന കമ്പനികൾ അവരുടെ സർവീസുകൾ ഉയർത്താൻ മുന്നോട്ടുവന്നാൽ ഈ ആനുപാതം 3:1, 2:1, 1:1 എന്ന രീതിയിലേക്ക് മാറ്റാനും യുഎഇ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനസർവ്വീസുകളുടെ എണ്ണം കൂടുതതോടെ മത്സരം മുറുക്കുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രതിരോധരംഗത്ത് ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അംബാസിഡർ വ്യക്തമാക്കി.