പ്രവാസികൾക്കായി നൂതന ബാങ്കിംഗ് സേവനമൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്. മാസവരുമാനക്കാരായ പ്രവാസികൾക്ക് വേണ്ടി എൻആർഐ സാഗ (Salary Advantage Global Account) എന്ന പേരിൽ പുതിയ പദ്ധതി അവതരിപ്പിച്ചു. ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ ശ്രേഷാദ്രി, എച്ച്.ആർ മേധാവി ആൻ്റോ ജോർജ്, സീനിയർ ജനറൽ മാനേജർമാരായ എ.സോണി, എസ്.എസ് ബിജി എന്നിവർ പങ്കെടുത്തു. സൗത്ത് ഇന്ത്യൻ ബാങ്കുമായുള്ള കോർപ്പറേറ്റ് പങ്കാളിത്തത്തിലൂടെ ശമ്പളമുള്ള എൻആർഐകൾക്ക് മാത്രമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി സീറോ ബാലൻസ് അക്കൗണ്ടും, അയാസകരമായ ബാങ്കിംഗ് അടക്കം നിരവധി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ, തിരഞ്ഞെടുത്ത കാർഡുകളിൽ എയർപോർട്ട് ലോഞ്ച് ആക്സസ് ഉള്ള കോംപ്ലിമെൻ്ററി ഡെബിറ്റ് കാർഡ്, ഹോം, കാർ ലോണുകൾക്കുള്ള പ്രോസസിംഗ് ഫീസിൽ 25% ഇളവ് എന്നിങ്ങനെയുള്ള പ്രത്യേക ആനുകൂല്യങ്ങളും അക്കൗണ്ട് ഉടമകൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ആയാസരഹിതമായി ബാങ്കിംഗ് ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഏറെ ഗുണപ്രദമാണ് പുതിയ പദ്ധതിയെന്ന് ബാങ്ക് അധികൃതർ വിശദീകരിക്കുന്നു.
അല്‍ ബദര്‍ എക്സേഞ്ച്, അല്‍ റസൂക്കി എക്സേഞ്ച്, സെിം എക്സേഞ്ച്, അല്‍ ലഡ്നിബ എക്സേഞ്ച്, ഫസ്റ്റ് എക്സേഞ്ച് ഒമാന്‍, ഹൊറൈസണ്‍ എക്സേഞ്ച് തുടങ്ങിയ എക്സേഞ്ചുകളുമായും മണി ട്രാൻസ്ഫർ ഓപ്പറേറ്റർമാരുമായും സൌത്ത് ഇന്ത്യൻ ബാങ്ക് ധാരണപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇതുവഴി പ്രവാസികൾക്ക് അനായാസം നാട്ടിലേക്ക് പണമയക്കാൻ സാധിക്കും. (നിലവിൽ ജിസിസിയിലെ 35-ലേറെ മണി എക്സേഞ്ച് സ്ഥാപനങ്ങളുമായി സൗത്ത് ഇന്ത്യൻ ബാങ്ക് സഹകരിക്കുന്നുണ്ട്.
സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എസ്.ഐ.ബി മിറർ പ്ലസ് ബാങ്കിംഗ് ആപ്പ് നിലവിൽ 9 വ്യത്യസ്ത ഭാഷകളിൽ ലഭ്യമാണ്. കൂടാതെ ഇ-ലോക്ക്, ഇ – ലിമിറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങളും ആപ്പിലുണ്ട്. നിലവിൽ പ്രവാസികൾക്ക് മിറർ ആപ്പ് ഉപയോഗിച്ച് നൂറിലധികം കറൻസികളിൽ വിദേശത്തേക്ക് പണമയക്കാനാവും. അവധി ദിനങ്ങളിലടക്കം യുഎസ് ഡോളർ, യുഎഇ ദിർഹം, യൂറോ, പൗണ്ട് കറനസികളിൽ ഓൺലൈനായി പണം കൈമാറാനാവും.