അധ്യാപകരുടെ കൃത്യമായ ഇടപെടൽ മൂലം ഒരു വിദ്യാർത്ഥിയുടെ ജീവൻ രക്ഷപ്പെട്ടു. മലപ്പുറം ചേലേമ്പ്ര എസ് വി എ യു പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർഥിയായ പ്രണവാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കളർ പെൻസിൽ വിഴുങ്ങിയതിനെ തുടർന്ന് അവശനായത്.
കുട്ടി നിലയ്ക്കാതെ ചുമച്ചുകൊണ്ടിരുന്നത് കണ്ട അധ്യാപിക കെ ഷിബിയാണ് കളർ പെൻസിൽ വിഴുങ്ങിയതാണെന്ന് കണ്ടുപിടിച്ചത്. പെട്ടന്ന് തന്നെ സ്കൂളിലെ അധ്യാപകനായ സുധീറിന്റെ വാഹനത്തിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യാത്രയിലുടനീളം ഷിബിയും മറ്റൊരാധ്യാപികയായ ജിനിയും സ്കൂൾ ജീവനക്കാരനായ താരാനാഥ്, ബിനോയ് തുടങ്ങിയവരും കുട്ടിക്ക് കൃത്രിമശ്വാസം നൽകുന്നുണ്ടായിരുന്നു. ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എൻഡോസ്കോപ്പി വഴി കുട്ടിയുടെ വയറ്റിലെ കളർ പെൻസിൽ പുറത്തെടുത്തിട്ടുണ്ട്. ഇപ്പോൾ പ്രണവ് തീവ്ര പരിചരണ വിഭാഗത്തിലാണ്. സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മലപ്പുറം പാറയിൽ കുഴുമ്പിൽ ജംഗീഷിന്റെ മകനാണ് ആറ് വയസുകാരനായ പ്രണവ്. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സ്കൂളിൽ നിന്നും തുക സമാഹരിച്ചു നൽകിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.