യാത്രയ്ക്ക് ഒരുങ്ങുംമുമ്പേ യാത്രാവിലക്കുണ്ടോ എന്ന് പരിശോധിക്കാൻ യുഎഇയിൽ പുതിയ സംവിധാനം നിലവിൽവന്നു. യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ തന്നെ തടസ്സങ്ങൾ ഉണ്ടോയെന്ന് മുൻകൂട്ടി അറിയാൻ സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എമിഗ്രേഷന്‍ ഓഫീസ്, പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളിനിന്ന് ഇക്കാര്യം യാത്രക്കാർക്ക് മുന്‍കൂട്ടി അറിയാനാകും.
അബുദാബിയിലെ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ‘എസ്റ്റാഫ്സർ’ എന്ന ഓൺലൈൻ സംവിധാനം മുഖേന വിലക്കുകൾ ഇല്ലായെന്ന് ഉറപ്പുവരുത്തിയ ശേഷമേ യാത്ര ചെയ്യാവു എന്ന് എമിഗ്രേഷന്‍ വകുപ്പും വ്യക്തമാക്കി. ദുബായ് പോലീസും ഓൺലൈൻ സേവനം നല്‍കുന്നുണ്ട്. എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് പോലീസ് ഇത്തരം വെബ്സൈറ്റുകളിലൊ ആപ്പിലോ യാത്രാവിലക്കുകളെ കുറിച്ച് പരിശോധിക്കാനാവും.
ക്രെഡിറ്റ് കാർഡ് പേമെന്റുകൾ ഉൾപ്പെടെയുള്ള മറ്റേതെങ്കിലും വായ്പാ തിരിച്ചടവുകൾ മൂന്ന് തവണയില്‍ കൂടുതല്‍ മുടങ്ങിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് യാത്രാവിലക്കിന് സാധ്യതയുണ്ട്. കൂടാതെ ക്രിമിനൽ കേസുള്ളവർക്കും യാത്രാവിലക്കുണ്ട്. വായ്പാ കുടിശ്ശിക 10,000 ദിർഹത്തിന് മുകളിലാണെങ്കിൽ കടം കൊടുത്തയാൾ കോടതിയെ സമീപിച്ചാൽ യാത്രാവിലക്ക് ഏർപ്പെടുത്താൻ സാധിക്കും. യാത്രയ്ക്ക് മുമ്പ് ഇക്കാര്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.