വയനാട്: വയനാട്ടിലെ മുണ്ടക്കെ, ചൂരൽമല, അട്ടമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ നൂറ് കടന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ള കണക്കനുസരിച്ച് 108 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ 42 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവയിൽ 18 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 128 പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. എത്ര വീടുകളും കെട്ടിടങ്ങളും തകർന്നു എന്ന് നിലവിൽ കൃത്യമായ കണക്കില്ല.
മുണ്ടക്കെ, ചൂരൽമല, അട്ടമല ഭാഗങ്ങളിലായി 98 പേരെ കാണാനില്ലെന്നാണ് അനൗദ്യോഗിക കണക്ക്. റോഡും പാലവും തകർന്ന് ഒറ്റപ്പെട്ട് കിടക്കുന്ന അട്ടമല, മുണ്ടക്കൈ പ്രദേശത്തേക്ക് സൈന്യം താത്കാലികപാലം നിർമ്മിച്ചാൽ മാത്രമേ രക്ഷാപ്രവർത്തനം അവിടെ സജീവമാകൂ. ഇതിനു ശേഷമേ ദുരന്തത്തിൻ്റെ യഥാർത്ഥ തീവ്രത വ്യക്തമാവൂ.
നിലവിൽ ഇന്ത്യൻ കരസേനയുടെ വിവിധ യൂണിനുകളും ഏഴിമല നാവികഅക്കാദമയിൽ നിന്നുള്ള നാവികസേനയും കോയമ്പത്തൂരിൽ നിന്നുള്ള വ്യേമസേനാ യൂണിറ്റും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. ദേശീയദുരന്തനിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണസേന, കേരള അഗ്നിരക്ഷാ സേന, കേരള പൊലീസ് എന്നിവരും രക്ഷാപ്രവർത്തന രംഗത്ത് സജീവമാണ്. ഇവരെ കൂടാതെ ആയിരക്കണക്കിന് ആളുകളും സ്വന്തം നിലയിൽ രക്ഷാപ്രവർത്തനത്തിനായി അപകടമേഖലയിലുണ്ട്. വയനാട്ടിൽ മാത്രം 49 ക്യാംപുകളിലായി മൂവായിരത്തിലേറെ പേർ നിലവിലുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ കോഴിക്കോട്, തൃശ്ശൂർ മെഡിക്കൽ കോളേജുകളിൽ നിന്നും പ്രത്യേക സംഘത്തെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്.
മേപ്പാടി ഭാഗത്തേക്കുള്ള വൈദ്യുതി ലൈനുകളാകെ തകർന്ന നിലയിലാണ്. ഏഴ് ട്രാൻസ്ഫോമറുകളുടെ മേഖല ഒഴികെ ബാക്കിയെല്ലായിടത്തും രാത്രിയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രണ്ട് താത്കാലിക പാലങ്ങൾ സ്ഥാപിക്കാൻ ആണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മേപ്പാടി മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ പെട്ട പലരുടേയും മൃതദേഹങ്ങൾ 25 കി.മീ അകലെ മലപ്പുറം ജില്ലയിലെ പോത്തുകല്ലിൽ നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ കൂടാതെ പലരുടേയും മൃതദേഹ അവശിഷ്ടങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തി ബന്ധുക്കളെ കണ്ടെത്താൻ ആരോഗ്യവകുപ്പ് നീക്കം തുടങ്ങി.