റിയാദ്: യുഎഇയ്ക്ക് പിന്നാലെ സൗദി അറേബ്യയിലും പ്രക്ഷോഭത്തിന് ശ്രമിച്ച ബംഗ്ലാദേശ് പൗരൻമാർ പിടിയിലായെന്ന് സൂചന. റിയാദിൽ പൊതുറോഡിൽ അതിക്രമം കാണിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി 11 ബംഗ്ലാദേശി പൗരൻമാർ അറസ്റ്റിലായെന്ന് സൌദി പൊലീസ് അറിയിച്ചു.
ഇവരുടെ പ്രവൃത്തികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മറ്റു 11 ബംഗ്ലാദേശി പൗരൻമാരെ റിയാദ് റീജണൽ പൊലീസ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുഗതാഗതം തടസപ്പെടുത്തുകയും ഇതിൻ്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമാണ് ഇവർ ചെയ്തതെന്ന് പൊലീസ് പറയുന്നു.
റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിയ പത്തു പേരും നിയമം ലംഘിച്ച് ഇതിന്റെ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവുമാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.