മസ്കറ്റ് : ഒമാനിലെ വാദികബീറിൽ ഉണ്ടായ വെടിവെപ്പിൽ 9 മരണം. ഒരു ഇന്ത്യക്കാരനും 4 പാക്കിസ്ഥാൻ സ്വദേശികളും ഒരു പൊലീസുകാരനും അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് നിലവിലെ വിവരം.
വെടിവയ്പ്പ് നടത്തിയ മൂന്ന് അക്രമികളെ സംഭവസ്ഥലത്ത് വച്ചു തന്നെ പൊലീസ് വധിച്ചുവെന്ന് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു. വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
മസക്റ്റ് ഗവർണറേറ്റിലെ വാദി കബീർ മേഖലയിലെ ഒരു പള്ളിയ്ക്ക് സമീപമാണ് തിങ്കളാഴ്ച രാത്രിയോടെ വെടിവയ്പ്പുണ്ടായത്. മരിച്ച ഒൻപത് പേരിൽ അഞ്ച് പേർ സാധാരണക്കാരും ഒരാൾ പൊലീസ് ഉദ്യോഗസ്ഥനും ബാക്കി മൂന്ന് പേർ അക്രമികളുമാണെന്നാണ് വിവരം. 28 പേർക്കാണ് അക്രമത്തിനിടെ പരിക്കേറ്റത്. പരിക്കേറ്റവരിൽ നാല് പേർ റോയൽ ഒമാൻ പൊലീസിലേയും സിവിൽ ഡിഫൻസിലേയും ആംബുലൻസ് അതോറിറ്റിയിലേയും അംഗങ്ങളാണ്. പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയുള്ളവരാണ്.