ലോകം ഏറ്റെടുത്ത പ്ലാച്ചിമട സമരത്തിന് 20 വർഷം പൂർത്തിയായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇന്നും ജലരേഖയായി അവശേഷിക്കുന്നു. അനിശ്ചിതകാല സത്യാഗ്രഹത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പ്രദേശവാസികൾ. കോള കമ്പനി വരുത്തി വച്ച നാശ നഷ്ടങ്ങൾക്ക് 216.26 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ ശുപാർശ ചെയ്യുന്ന പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണൽ ബില്ല് അട്ടിമറിച്ചത് കേന്ദ്ര സർക്കാരാണ്. എന്നാൽ പിന്നീട് സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്നാണ് യാഥാർഥ്യം.
പെരുമാട്ടി പഞ്ചായത്തിലെ 8 ആം വാർഡിലെ പ്ലാച്ചിമടയിൽ പ്രദേശവാസികൾക്ക് തൊഴിൽ വാഗ്ദാനവുമായാണ് കോള കമ്പനി പ്ലാച്ചിമടയിലേക്കെത്തുന്നത്. ഒന്ന് രണ്ട് വർഷം കുഴപ്പമില്ലാതെ പോയെങ്കിലും പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളായ കിണറുകൾ വരണ്ടുതുടങ്ങിയതോടെ സമരങ്ങൾക്ക് തുടക്കമായി. കുടിവെള്ളം ചോർത്തുന്ന കമ്പനിയുടെ ലൈസൻസ് റദ്ദാക്കണമെന്നതായിരുന്നു ആവശ്യം. ഭൂജല അതോറിറ്റിയുമായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ആവശ്യം പങ്കുവച്ചിരുന്നു.
പരിശോധന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്പനിയോട് സംസാരിച്ചപ്പോൾ മോശം പെരുമാറ്റമാണ് ഉണ്ടായത്. അവിടെ നിന്ന് തുടങ്ങിയതാണ് പ്ലാചിമടക്കാരുടെ സമരം.2005 ൽ കമ്പനിപൂട്ടിയെങ്കിലും പ്രദേശത്തെ നഷ്ടങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകി അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി കെ. ജയകുമാർ 216.26 കോടിയുടെ നഷ്ടപരിഹാരം വിധിച്ചെങ്കിലും, ഇത്രയും വർഷമായി അതിൽ മറ്റ് നടപടികളൊന്നും കൈകൊണ്ടിട്ടില്ല. സമരത്തിന് ചുക്കാൻ പിടിച്ച മയിലമ്മയും ഓർമയായിട്ട് വർഷങ്ങൾ ആയി. ഇന്നും നൽകിയ വാഗ്ദാനം നടപ്പിലാക്കപ്പെടും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
കോർപറേറ്റുകൾക്ക് വേണ്ടി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ദാസ്യപ്പണി ചെയ്യരുതെന്ന് കൂടംകുളം സമര നേതാവ് എസ്.പി ഉദയകുമാർ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സമരസമിതി ചെയർമാൻ വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സംഘടനകളുടെ നേതാക്കന്മാരും പങ്കെടുത്തിരുന്നു.