പ്രമുഖ സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. തിരുവല്ലയിൽ വച്ചായിരുന്നു അന്ത്യം. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചു. കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കമലമ്മ ആണ് നെടുമ്പ്രം ഗോപിയുടെ ഭാര്യ. റിട്ടയേർഡ് ഹെഡ് മിസ്ട്രസായിരുന്നു. സുനിൽ ജി നാഥ്, സുനിത, സുബിത എന്നീ മൂന്ന് മക്കളാണ്. നടന് അനുശോചനം അറിയിച്ചു കൊണ്ട് സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തുന്നുണ്ട്.
‘മകൾക്ക് , ദൈവനാമത്തിൽ , പകർന്നാട്ടം , അത്ഭുതം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച എന്റെ പ്രിയപ്പെട്ട നടൻ, നെടുമ്പറം ഗോപിചേട്ടന് വിട’, എന്നാണ് സംവിധായകൻ ജയരാജ് അനുശോചനം അറിയിച്ചു കൊണ്ട് കുറിച്ചത്.