ദില്ലി: അയോധ്യയിൽ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാർ പങ്കെടുക്കില്ല. അയോധ്യ കേസിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ എല്ലാ ജഡ്ജിമാരേയും ക്ഷേത്രം ഭാരവാഹികൾ പ്രതിഷ്ഠാ ദിന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ നേതൃത്വത്തിലുള്ള 5 അംഗ ബെഞ്ചായിരുന്നു അയോധ്യ കേസിൽ വിധി പറഞ്ഞത്. ആ ബഞ്ചിലെ അംഗമായിരുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉൾപ്പടെ അഞ്ച് ജഡ്ജിമാരെയാണ് പ്രതിഷ്ഠയ്ക്കായി ട്രസ്റ്റ് ക്ഷണിച്ചത്. എന്നാൽ ഈ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് അശോക് ഭൂഷൺ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢോ നിലവിൽ എംപിയായോ രജ്ഞൻ ഗഗോയിയോ ചടങ്ങിനുണ്ടാവില്ല.
അതേസമയം നാളെ പ്രാണപ്രതിഷ്ഠാ ദിന ചടങ്ങുകൾ നടക്കാനിരിക്കെ അയോധ്യയിലേക്ക് ഭക്തരുടെ ഒഴുക്ക് തുടരുകയാണ്. വൻ സുരക്ഷാ വലയത്തിലാണ് അയോധ്യ. തലസ്ഥാനമായ ദില്ലിയിലടക്കം രാജ്യത്ത് പലയിടത്തും ശ്രീരാമപ്രതിഷ്ഠയോട് അനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് നടക്കുന്നത്. പ്രതിഷ്ഠാദിനത്തിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും നടത്താനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം. കേരളത്തിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും പരിപാടികളുണ്ടാവും. അതേസമയം പ്രാണാ പ്രതിഷ്ഠാ ചടങ്ങ് സംഘപരിവാർ ഹൈജാക്ക് ചെയ്തുവെന്ന് ആരോപിക്കുന്ന പ്രതിപക്ഷകക്ഷി നേതാക്കൾ നാളെ മറ്റു ആത്മീയ പരിപാടികളിൽ പങ്കെടുത്താണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.
ഉത്തർപ്രദേശ് സർക്കാരാണ് ചടങ്ങിലേക്ക് അതിഥികളെ ക്ഷണിക്കുന്നത്. രാജ്യത്തെ വിവിധ തുറകളിലുള്ള ഏഴായിരത്തിലേറെ പ്രമുഖർ അയോധ്യയിൽ നാളെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശ് സർക്കാരിന്റെ ക്ഷണിതാക്കളുടെ പട്ടികയിൽ മുൻ ചീഫ് ജസ്റ്റിസുമാർ, ജഡ്ജിമാർ, ഉന്നത അഭിഭാഷകർ, രാം ലല്ലയുടെ അഭിഭാഷകൻ കെ പരാശരൻ എന്നിവരുൾപ്പെടെ 50-ലധികം നിയമജ്ഞരും ഉൾപ്പെടുന്നുണ്ട്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുൻ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ എന്നിവരും ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രോട്ടോക്കോൾ സ്പെഷ്യൽ സെക്രട്ടറിയാണ് അതിഥികളെ ക്ഷണിക്കുന്നത്.