അരിക്കൊമ്പന്റെ പേരില്‍ പണപ്പിരിവ് നടത്തി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. അരിക്കൊമ്പന്റെ പേരില്‍ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പണം തട്ടി അഡ്മിന് മുങ്ങിയതായാണ് പരാതി. ‘അരിക്കൊമ്പന് ഒരു ചാക്ക് അരി’ എന്ന പേരിലാണ് ഗ്രൂപ്പ് തുടങ്ങിയത്. അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്ന പേരിലാണ് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പണപ്പിരിവ് നടത്തിയതെന്ന് നിരവധി പേര് സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ ആരോപിച്ചു.
പ്രവാസികളടക്കം നിരവധി പേരാണ് പണം നല്കി തട്ടിപ്പില്‍ അകപ്പെട്ടതെന്നും പറയുന്നു. ചിന്നക്കനാലിലേക്ക് അരിക്കൊമ്പനെ തിരിച്ചെത്തിക്കുന്നതിനായി സുപ്രീം കോടതിയില്‍ കേസ് നടത്താനെന്ന പേരിലും തട്ടിപ്പ് നടന്നു. പണപ്പിരിവിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
അരിക്കൊമ്പന്റെ പേരില്‍ ചിലര്‍ ഏഴുലക്ഷം രൂപ വരെ പിരിച്ചിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അരിക്കൊമ്പന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി അക്കൗണ്ടുകളാണുള്ളത്. ഇതില്‍ നിന്നും ആളുകളെ കണ്ടെത്തിയാണ് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് കരുതുന്നത്.