ഷെയ്ഖ് ഡോ. സയീദ് ബിൻ തഹ്നൂൻ അൽ നഹ്യാന്റെ മേൽനോട്ടത്തിൽ അൽ ഐൻ അമിറ്റി ക്ലബ് ലുലുവിൽ വടംവലി മഹോത്സവം 2023 സംഘടിപ്പിച്ചു. യുഎഇയിൽ നിന്നുള്ള പ്രമുഖ ടീമുകൾക്കൊപ്പം കേരളത്തിൽ നിന്നുള്ള ഇരുപതോളം മുൻനിര താരങ്ങളും കുവൈറ്റ്, ഇറ്റലി, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 18 ടീമുകളും മത്സരത്തിൽ പങ്കെടുത്തു.
ഏതാണ്ട് മൂവായിരത്തിലേറെ പേരാണ് മത്സരം നേരിൽ കാണാൻ അൽ ഐനിലെ വേദിയിലേക്ക് എത്തിയത്. 17000 ത്തിലേറെ പേർ സമൂഹമാധ്യമങ്ങളിലൂടേയും വടംവലി മഹോത്സവം 2023 ലൈവായി കണ്ടു. കേരളത്തിലെ വടംവലി വേദികളിലെ സെബിബ്രിറ്റി കമൻ്റേറ്റർ സന്തോഷ് പെരുമ്പാവൂർ മത്സരം കൊഴുപ്പിക്കാൻ അൽ ഐനിലെത്തിയിരുന്നു.
ശരീരത്തിലെ പേശികളും സന്ധികളും നന്നായി അദ്ധ്വാനിക്കേണ്ടി വരുന്ന കായികഇനമാണ് വടംവലിയെന്നും യുവാക്കളിൽ നിശ്ചയദാർണ്ഡ്യവും ക്ഷമയും വിജയതൃഷ്ണയും വളർത്താൻ ഇത്തരം മത്സരങ്ങൾ സഹായിക്കുമെന്നും ഷെയ്ഖ് ഡോ. സയീദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക ചിഹ്നമായ നെറ്റിപ്പട്ടം നൽകിയാണ് അൽ ഐൻ അമിറ്റി ക്ലബ്ബ് ഭാരവാഹികൾ അദ്ദേഹത്തെ ആദരിച്ചത്.
മണിക്കൂറുകൾ നീണ്ട ശക്തമായ പോരാട്ടത്തിനൊടുവിൽ ഫ്രണ്ട് ഓഫ് രജീഷ് കുവൈത്ത് ടീം ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി. ടീമിന് വേണ്ടി കേരളത്തിൽ നിന്നുവന്നു മത്സരിച്ച നിധിൻ കുട്ടനാണ് മാന് ഓഫ് ദി ടൂർണമെന്റ്. . ജിംഖാന യു എ ഇ – ബി ടീമും പാസോടെക് എ ടീമും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അൽ ഐനിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത ചടങ്ങിൽ വിജയികൾക്ക് ഷെയ്ഖ് ഡോ. സയീദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ ട്രോഫികൾ വിതരണം ചെയ്തു.