കൊച്ചി: 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. ദീർഘകാലം ആലുവ എം.എൽ.എ ആയിരുന്ന കെ മുഹമ്മദാലിയുടെ മരുമകളായിരുന്ന ഷെൽനയെ ആണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സിറ്റിംഗ് എംഎൽഎയായ അൻവർ സാദത്തിനെതിരെ ഇടതുമുന്നണി സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സിപ്പിച്ചത്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തുടർന്നും ഇടത് വേദികളിൽ ഷെൽന സജീവമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി രോഗബാധിതയായി അവർ വിശ്രമത്തിലായിരുന്നു. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ മജ്ജ മാറ്റിവക്കലിന് വിധേയമായ ഷെൽന നിഷാദിന് വേണ്ടി ബ്ലഡ് പ്ലെയ്റ്റ് ലൈറ്റുകൾ തേടി സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സുഹൃത്തുകൾ പോസ്റ്റുകൾ പങ്കുവച്ചിരുന്നു.
തൃശ്ശൂർ ചമ്മന്നൂർ ഒരുമനയൂർ സ്വദേശിയായ എം.വി ഹുസൈൻ്റെ മകളായ ഷെൽന നിഷാദിന് വിവാഹം കഴിയും വരെ കാര്യമായ രാഷ്ട്രീയ ബന്ധങ്ങളോ പരിചയമോ ഉണ്ടായിരുന്നില്ല. തിരുവനന്തപുരം കോളേജ് ഓഫ് എൻഞ്ചിനീയറിംഗിൽ നിന്നും ആർക്കിടെക്ച്ചറിൽ ബിരുദമെടുത്ത ശേഷം അവർ എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു. അങ്കാൻസ് ഗ്രൂപ്പ് ഡയറക്ടർ നിഷാദ് അലിയാണ് ഷെൽനയുടെ ഭർത്താവ്. കൊച്ചി മെട്രോയുടെ ഡിസൈനിംഗ് ടീമിൽ അംഗമായിരുന്നു നിഷാദ് അലി. പത്ത് വയസ്സുകാരൻ അതിഫ് അലി മകനാണ്.