കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികൾ പ്രാർത്ഥന കൂട്ടായ്മയ്ക്കിടെ ഉണ്ടായ സ്ഫോടനം ആസൂത്രിതമെന്ന് സ്ഥിരീകരിച്ച് കേരള പൊലീസ്. ടിഫിൻ ബോക്സിൽ ഒളിപ്പിച്ച നിലയിൽ സ്ഥാപിച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ഏതാണ്ട് രണ്ടായിരത്തോളം പേരുണ്ടായിരുന്ന ഹാളിൻ്റെ മധ്യഭാഗത്താണ് രണ്ട് സ്ഫോടനങ്ങളും ഉണ്ടായത്. സ്ഫോടനത്തിൽ ഒരു സ്ത്രീയാണ് മരണപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
സ്ഫോടനസ്ഥലത്ത് പരിശോധന നടത്തിയ ബോംബ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ചീഫ് സെക്രട്ടറി ഡോ. വേണു നിലവിൽ സംഭവസ്ഥലത്തുണ്ട്. സംസ്ഥാന പൊലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്ത് കുമാറും ഉടൻ കളമശ്ശേരിയിലെത്തും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ.അക്ബറും തീവ്രവാദ വിരുദ്ധസേനാതലവൻ പുട്ട വിമലാദിത്യയും നയിക്കുന്ന അന്വേഷണസംഘമാവും കളമശ്ശേരി സ്ഫോടനത്തിൽ അന്വേഷണം നടത്തുക. എൻഐഎ നടത്തുന്ന അന്വേഷണത്തിന് പുറമേയാണ് കേരള പൊലീസിൻ്റെസ്വന്തം നിലയിലുള്ള അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ആരംഭിച്ച പ്രാർത്ഥനായോഗം ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു. ഇന്നത്തെ ധ്യാനം ആരംഭിച്ച് പത്ത് മിനിറ്റിനകമാണ് സ്ഫോടനമുണ്ടായത്. ഹാളിൽ മധ്യഭാഗത്തുണ്ടായിരുന്ന 31 പേർക്ക് സ്ഫോടനത്തിൽ പൊള്ളലേറ്റു. ഇതിൽ പത്തോളം പേർക്ക് അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ രണ്ട് പേരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. യഹോവ സാക്ഷികളുടെ മേഖലാ കൺവൻഷനാണ് ഇവിടെ നടന്നു കൊണ്ടിരുന്നത്.