കോഴിക്കോട്: വിശ്വാസികൾക്ക് ഇനി ആത്മശുദ്ധീകരണത്തിൻ്റെ നാളുകൾ. കേരളത്തിൽ വിശുദ്ധ റമദാൻ മാസത്തിന് നാളെ ആരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്തും പൊന്നാനിയിലും മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചതോടെയാണ് റമളാന്‍ മാസത്തിന് തുടക്കമായതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചത്.
ഒമാൻ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതാരംഭമായിരുന്നു. അതേസമയം ഒമാൻ, മലേഷ്യ, തുർക്കി, ഓസ്ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നാളെയാണ് റമദാൻ ഒന്ന്. വേനൽക്കാലം ഔദ്യോഗികമായി തുടങ്ങും മുൻപേ ചൂട് കനത്ത സാഹചര്യത്തിൽ കഠിനമായ ഒരു വ്രതമാസമാണ് കേരളത്തിലെ വിശ്വാസികളെ കാത്തിരിക്കുന്നത്.
അതേസമയം യുഎഇയിൽ കനത്ത മഴയ്ക്കിടെയാണ് റമദാൻ മാസമെത്തിയത്. ഒരു മാസം നീണ്ട വ്രതക്കാലത്തിന് ശേഷം വിഷുവിന് തൊട്ടുമുൻപായി കേരളത്തിലും ജിസിസിയിലും പെരുന്നാൾ ആഘോഷമുണ്ടാവും. തെരഞ്ഞെടുപ്പ് – വോട്ടെടുപ്പ് ചൂടിനിടെയാവും കേരളത്തിൽ പെരുന്നാൾ എത്തുക.