കൊച്ചി: കളമശ്ശേരി സാമ്രാ ഇൻ്റർനാഷണൽ കൺവൻഷൻ സെൻ്റിൽ യഹോവാ സാക്ഷികൾ പ്രാർത്ഥനാ യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ അട്ടിമറി സാധ്യത തള്ളാതെ അന്വേഷണ ഏജൻസികൾ. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 25-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും അതീവ ഗൗരവത്തോടെയാണ് സംഭവത്തെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിജിപി കളമശ്ശേരിക്ക് പുറപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനം നടന്ന ഹാളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച പൊലീസ് ഇവിടെ സീൽ ചെയ്തിരിക്കുകയാണ്. മധ്യകേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം കളമശ്ശേരിയിൽ എത്തിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ കൊച്ചി യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഓഡിറ്റോറിയത്തിൽ എത്തി വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. മറ്റു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും പൊലീസിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ ബോംബ് സ്ക്വാഡ് അടക്കമുള്ളവരെ രംഗത്തിറക്കി പരിശോധന നടത്താനും നിർദേശമുണ്ട്.
ഷോർട്ട് സർക്യൂട്ട് കാരണമുള്ള സ്ഫോടനത്തിനുള്ള സാധ്യത മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും രണ്ടായിരത്തിലേറെ പേർ ഉണ്ടായിരുന്ന ഹാളിൻ്റെ മധ്യഭാഗത്ത് നിന്നായി മൂന്ന് സ്ഫോടനമുണ്ടായി എന്നുള്ള ദൃക്സാക്ഷികളുടെ മൊഴിയാണ് സംഭവത്തെ കൂടുതൽ ഗുരുതരമാക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിൻ്റെ അവസാനദിവസമായിരുന്നു ഇന്ന്. രാവിലെ സമ്മേളനം തുടങ്ങി പത്ത് മിനിറ്റ് പിന്നിട്ട ശേഷമാണ് സ്ഫോടനമുണ്ടായത്.