അബുദാബി: ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായതിന് പിന്നാലെ പലസ്തീന് സഹായഹസ്തവുമായി യുഎഇ. 20 മില്യൺ ഡോളറിൻ്റെ സഹായമാണ് യുഎഇ പലസ്തീന് കൈമാറുക.
യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായ്യീദ് അൽ നഹ്യാനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്ര സഭ ഏജൻസിയായ യുഎൻആർഡബ്ല്യൂഎ വഴിയാവും യുഎഇയുടെ സഹായധനം വിനിയോഗിക്കുക.
അതിനിടെ ഇസ്രയേൽ – പലസ്തീൻ സംഘർഷം പരിഹരിക്കാൻ യുഎഇ നയതന്ത്ര തലത്തിൽ നീക്കം ആരംഭിച്ചു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ രാജ്യാന്തരസമൂഹം അടിയന്തരമായി ഇടപെടണമെന്ന് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായ്യീദ് അൽ നഹ്യാൻ ആവശ്യപ്പെട്ടു.
വിഷയത്തിൽ ജോർദ്ദാൻ രാജാവ് അബ്ദുള്ള, സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദ്, ഇസ്രയേൽ പ്രസിഡൻ്റ് യിസാക് ഹെർസോഗ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങി വിവിധ രാഷ്ട്രതലവൻമാരുമായി യുഎഇ പ്രസിഡൻ്റ് ഫോണിൽ ചർച്ച നടത്തി. പശ്ചിമേഷ്യയിലെ സാധാരണ പൌരൻമാരുടെ സുരക്ഷ ഉറപ്പാക്കാനാണ് യുഎഇയുടെ മുൻഗണനയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.