ദില്ലി: ഇന്ത്യയുമായി ഉടക്കിയ കാനഡയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി ബംഗ്ലാദേശ്. കൊലയാളികൾക്ക് അഭയം നൽകുന്ന രാജ്യമാണ് കാനഡയെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുൽ മൊമെൻ ആരോപിച്ചു. കൊലയാളികൾക്ക് കാനഡയിലേക്ക് പോകാമെന്നും അവിടെ അഭയം പ്രാപിച്ച് ജീവിതകാലം മുഴുവൻ സുഖമായി ജീവിക്കാമെന്നും മൊമെൻ പറഞ്ഞു. ഇരയാകളുടെ ബന്ധുക്കൾ വേദനയിൽ കഴിയുമ്പോൾ കൊലയാളികൾ കാനഡയിൽ സുഖം ജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിൻ്റെ രാഷ്ട്രപിതാവ് മുജീബുൾ റഹ്മാൻ്റെ കൊലയാളികൾ ഇപ്പോഴും കാനഡയിൽ സുഖിച്ചു ജീവിക്കുകയാണ്. മുജീബുൾ റഹ്മാനെ വധിച്ചെന്ന കുറ്റം സമ്മതിച്ച കൊലയാളിയെ ബംഗ്ലാദേശിന് കൈമാറണമെന്ന് കാനഡയോട് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ അത് കേൾക്കാൻ തയ്യാറായില്ല. കാനഡയിൽ കോടതിയിൽ വരെ പോയി ഞങ്ങൾ ഇതിനായി ശ്രമിച്ചു. കാനഡ ക്രിമിനലുകളുടെ താവളമായി മാറരുത്. ഇതൊക്കെ അവർ മറച്ചു വയ്ക്കുകയാണ് ഇതേക്കുറിച്ച് സംസാരിക്കാൻ പോലും അവർ തയ്യാറാല്ല – മൊമെൻ പറഞ്ഞു.
നേരത്തെ ശ്രീലങ്കയും കാനഡയ്ക്കും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും എതിരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിരുന്നു. തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യയ്ക്കെതിരെ കാനഡ ഉന്നയിക്കുന്നതെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി കുറ്റപ്പെടുത്തിയിരുന്നു.