മുംബൈ: അടിമുടി മാറ്റത്തിനൊരുങ്ങിയ എയർഇന്ത്യയ്ക്ക് കരുത്തേകി പുതിയ ബോയിംഗ് വിമാനങ്ങൾ എത്തി. ഈ വർഷമാദ്യം 470 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ എയർഇന്ത്യ എക്സ്പ്രസ്സ് ബോയിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടിരുന്നു. കരാർ പ്രകാരമുള്ള ആദ്യത്തെ രണ്ട് വിമാനങ്ങൾ ഇന്ന് അമേരിക്കയിലെ വാഷിംഗ്ടണിലെ ബോയിംഗ് ആസ്ഥാനത്ത് വച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർക്ക് കൈമാറി. രണ്ട് പുതിയ ബോയിംഗ് 737 മാക്സ് എട്ട് വിമാനങ്ങളാണ് എയർഇന്ത്യയ്ക്ക് കൈമാറിയത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര ശൃംഖല വിപുലീകരിക്കാൻ പുതിയ വിമാനങ്ങളുടെ വരവ് സഹായിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം എയർബസിൽ നിന്നുള്ള ആദ്യത്തെ വൈഡ്ബോഡി വിമാനം എ 350 ഈ വർഷം ഡിസംബറോടെ സർവീസിൽ പ്രവേശിക്കുമെന്ന് എയർഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കാംബെൽ വിൽസൺ ജീവനക്കാർക്കുള്ള തന്റെ പ്രതിവാര സന്ദേശത്തിൽ വ്യക്തമാക്കി.
ഗിഫ്റ്റ് സിറ്റി വഴി എച്ച്എസ്ബിസിയുമായി വാടക ഇടപാടിലൂടെ എ350-900 വിമാനം ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതായും എയർ ഇന്ത്യ അറിയിച്ചു. രാജ്യത്തെ ആദ്യത്തെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററായ (IFSC) GIFT സിറ്റി വഴി പാട്ടത്തിനെടുക്കുന്ന ആദ്യത്തെ വൈഡ് ബോഡി വിമാനം കൂടിയാണിത്. 470 വിമാനങ്ങളുടെ ഓർഡറാണ് എയർഇന്ത്യ ബോയിംഗിന് നൽകിയത്. ഇതിൽ 40 എ350, 20 ബോയിംഗ് 787 ഡ്രീംലൈനറുകൾ, 10 ബോയിംഗ് 777എക്സ്, 140 എ320 നിയോസ്, 70 എ321 നിയോസ്, 190 ബോയിംഗ് 737മാക്സ് എന്നിവ ഉൾപ്പെടുന്നു .40 എ 350 കളിൽ ആറെണ്ണം എ 350-900 വിമാനങ്ങളാണ്, അവയിൽ അഞ്ചെണ്ണം 2024 മാർച്ചോടെ ഡെലിവറി ചെയ്യാൻ ധാരണയായിട്ടുണ്ട്.
ഈ വർഷം ജൂണിലാണ് എയർബസ്, ബോയിംഗ് കമ്പനികളുമായി വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ എയർ ഇന്ത്യ ഒപ്പുവച്ചത്. നിലവിൽ എയർ ഇന്ത്യയ്ക്ക് 49 വൈഡ് ബോഡി വിമാനങ്ങൾ ഉൾപ്പെടെ 116 വിമാനങ്ങളുണ്ട്. ആകെ 27 B787-8s, 14 B777-300s, 8 B777-200LRs, 14 A319s, 36 A320 neos, 13 A321 ceos, 4 A321 neos എന്നിവ ഉൾപ്പെടുന്നു.
അതേസമയം ടാറ്റ ഗ്രൂപ്പ് എയർലൈൻ ബിസിനസ് ഏകീകരിക്കാനുള്ള ഒരുക്കത്തിലാണ്, ഇതിന്റെ ഭാഗമായി എഐഎക്സ് കണക്ട് എയർ ഇന്ത്യ എക്സ്പ്രസിലും വിസ്താര എയർ ഇന്ത്യയിലും ലയിക്കും. ടാറ്റയുടെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമാണ് വിസ്താര, വിമാനക്കമ്പനിയിൽ 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.