ചെന്നൈ: പുതിയ ഡിസൈനിൽ കൂടുതൽ സൌകര്യങ്ങളോട് ഒരുക്കിയ ഓറഞ്ച് നിറത്തിലെ വന്ദേഭാരത് ഏത് റൂട്ടിൽ ഓടുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ചെന്നൈയിലെ ഇൻ്റർഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച പുതിയ വന്ദേഭാരത് പാലക്കാട് ഡിവിഷനാണ് അനുവദിച്ചത്. ട്രെയിൻ സർവ്വീസ് ആരംഭിക്കാനായി മംഗലാപുരത്ത് വന്ദേഭാരതിനുള്ള മെയിൻ്റനസ് ട്രാക്കിൻ്റെ ജോലിയും പൂർത്തിയാക്കിയിരുന്നു.
ട്രെയിൻ ഏറ്റുവാങ്ങാനായി മംഗലാപുരത്ത് നിന്നുള്ള ഉദ്യോഗസ്ഥർ ചെന്നൈയിൽ എത്തിയിട്ടും ഇതുവരെയും ട്രെയിൻ ഇവർക്ക് വിട്ടു നൽകിയിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ചെന്നൈ ഇൻ്റർഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നും ട്രെയിൻ പുറത്തിറക്കിയെങ്കിലും ട്രെയിൻ പാലക്കാട് ഡിവിഷന് ഔദ്യോഗികമായി വിട്ടു കൊടുത്തിട്ടില്ല. ചെന്നൈയിലെ ബാസിൻ ബ്രിഡ്ജ് യാർഡിൽ നിർത്തിയിട്ടിരിക്കുകയാണ് ഇപ്പോൾ ഈ ട്രെയിൻ. ട്രെയിൻ ഏറ്റെടുത്ത് മംഗലാപുരത്തേക്ക് എത്തിക്കാൻ വന്ന ഉദ്യോഗസ്ഥരും മൂന്ന് ദിവസമായി ചെന്നൈയിൽ തുടരുകയാണ്. റൂട്ട് സംബന്ധിച്ച് തീരുമാനമായ ശേഷം ട്രെയിൻ കൊണ്ടു പോയാൽ മതിയെന്നാണ് ഉദ്യോഗസ്ഥർക്ക് കിട്ടിയ നിർദേശം എന്നാണ് വിവരം.
ട്രെയിൻ ഗോവയ്ക്ക് നൽകിയേക്കും എന്ന വാർത്തകളും ഇതിനിടയിൽ വരുന്നുണ്ട്. പാലക്കാട് ഡിവിഷനിൽ മാത്രമായി ട്രെയിൻ സർവ്വീസ് നടത്തുന്നതിൽ മറ്റുപല ഡിവിഷനുകൾക്കും എതിർപ്പുണ്ടെന്നും റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ചെന്നൈ ഐസിഎഫിൽ നിർമ്മിച്ച 31-ാം വന്ദേഭാരത് ട്രെയിനാണ് ഇത്. ഇതിനൊപ്പം നിർമ്മിച്ച 29,30 വന്ദേഭാരത് ട്രെയിനുകൾ അതത് ഡിവിഷനുകളിൽ എത്തി സർവ്വീസിന് സജ്ജമായി കഴിഞ്ഞു. ഓറഞ്ച് വന്ദേഭാരതിനായി പരിഗണനയിലുള്ള റൂട്ടുകളിൽ മംഗലാപുരം – കോയമ്പത്തൂർ അടക്കമുള്ളവയുമുണ്ടെങ്കിലും ട്രെയിൻ ഗോവയിലേക്ക് കൊണ്ടു പോകാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഈ അനിശ്ചിതത്വം വഴിമാറും എന്നാണ് കരുതുന്നത്.
മംഗലാപുരം – തിരുവനന്തപുരം, മംഗലാപുരം – എറണാകുളം, മംഗലാപുരം – കോട്ടയം എന്നീ മൂന്ന് റൂട്ടുകളാണ് റെയിൽവേ ഓറഞ്ച് വന്ദേഭാരതിനായി പരിഗണിക്കുന്നതെന്നാണ് സൂചന. ദക്ഷിണ റെയിൽവേയുടെ റൂട്ട് സെലക്ഷൻ കമ്മിറ്റിയാണ് ട്രെയിൻ റൂട്ട് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത്. അതേസമയം പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് നിർവഹിക്കേണ്ട പ്രധാനമന്ത്രി സമയം അനുവദിക്കാത്തതാണ് സർവ്വീസ് ആരംഭിക്കുന്നത് ഇത്ര വൈകാൻ കാരണമെന്നും സൂചനയുണ്ട്.