അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനൽ വൈകാതെ തുറക്കുമെന്ന് അബുദാബി വിമാനത്താവള അധികൃതർ അറിയിച്ചു. നേരത്തെ മിഡ്ഫീൽഡ് ടെർമിനൽ ബിൽഡിംഗ് എന്നറിയപ്പെടുന്ന ‘ടെർമിനൽ എ’ 2023 നവംബർ ആദ്യം പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി മാറുന്ന അബുദാബിക്ക് പുതിയ ടെർമിനൽ വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
7,42,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ടെർമിനൽ എ പണികഴിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നാണിത്. പൂർണതോതിൽ പ്രവർത്തന ക്ഷമമാകുന്നതോടെ പുതിയ ടെർമിനലിന് പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനാവും. മണിക്കൂറിൽ 11,000 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാനുള്ള ടെർമിനലിൽ ഒരേസമയം 79 വിമാനങ്ങൾ വരെ ഓപ്പറേറ്റ് ചെയ്യാനാവും.
അത്യാധുനിക ഡിസൈനുകളിലൂടെ അനവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഇതിനോടകം ഈ ടെർമിനൽ സ്വന്തമാക്കി കഴിഞ്ഞു. ടെർമിനലിൻ്റെ നല്ലൊരു ഭാഗത്തും ഗ്ലാസ്സ് ഉപയോഗിച്ചിട്ടുള്ള നിർമ്മാണമാണ് നടത്തിയിരിക്കുന്നത്. ഇതിനാൽ തന്നെ പ്രകൃതിദത്തമായ പ്രകാശം ടെർമിനലിൽഉണ്ടാവും. പുതിയ ടെർമിനലിൻ്റെ കാർപാർക്കിംഗ് ഏരിയയിൽ പൂർണമായും സോളാർ പാനലുകൾ കൊണ്ടാണ് മേൽക്കൂര സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. എസി, ഹീറ്റർ, ലൈറ്റുകൾ തുടങ്ങി എല്ലാ ഇടത്തിലും ഏറ്റവും നൂതനായ ഇലക്ട്രിക്ക് സംവിധാനങ്ങളാണ് പുതിയ ടെർമിനലിൽ സജ്ജമാക്കിയിട്ടുള്ളത്.