ദില്ലി: പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചു ചേർക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പലതരം അഭ്യൂഹങ്ങൾക്ക് വഴി തുറക്കുന്നു. സെപ്തംബർ 18 മുതൽ 22 വരെയാണ് പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാൻ സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്. സമ്മേളനത്തിൻ്റെ അജൻഡ എന്തെന്ന് കേന്ദ്രസർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പാർലമെൻ്റ സമ്മേളനം വിളിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിമാരോട് ഈ ദിവസങ്ങളിൽ തലസ്ഥാനത്ത് ഉണ്ടാവണമെന്ന നിർദേശം ബിജെപി കേന്ദ്രനേതൃത്വം നൽകിയിട്ടുണ്ട്. മന്ത്രിമാരെല്ലാം മുൻനിശ്ചയിച്ച വിദേശസന്ദർശനമടക്കം റദ്ദാക്കിയിട്ടുണ്ട്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ഭരണഘടന ഭേദഗതി, വനിത സംവരണ ബിൽ, ഏക സിവിൽ കോഡ് തുടങ്ങി വിവാദ ബില്ലുകളിലൊന്ന് കേന്ദ്രസർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. അതല്ല ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള നീക്കത്തിൻ്റെ ഭാഗമാണിത് എന്നും കരുതുന്നവരുണ്ട്. എന്നാൽ പാർലമെൻ്റ് നടപടികൾ പഴയ മന്ദിരത്തിൽനിന്നും പുതിയ മന്ദിരത്തിലേക്ക് മാറ്റുകയാണ് സമ്മേളനത്തിൻ്റെ ലക്ഷ്യമെന്നും ചിലർ കരുതുന്നു.
അതിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദേശം നടപ്പാക്കുന്നതിന് ആദ്യപടിയായി പ്രത്യേക സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുതിയ സമിതിയുടെഅധ്യക്ഷൻ. പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ സമിതിയെ നിയോഗിച്ചതായുള്ള വാർത്തയും പുറത്തു വന്നിരിക്കുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപി തെരഞ്ഞെടുപ്പ് അജൻഡയായി മുന്നോട്ട് വച്ചിരുന്നു.