അബുദാബിയിലെ ഇത്തിഹാദ് എയര്‍വേയ്സ് ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു. തങ്ങള്‍ സര്‍വീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ഇക്കാലയളവില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.
സെപ്തംബര്‍ 10 വരെ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ആയിരിക്കും ഇളവുകള്‍ ലഭിക്കുക. സെപ്തംബര്‍ 11നും 2024 മാര്‍ച്ച് 21നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇളവ് ലഭിക്കും.
ഇക്കണോമി ക്ലാസില്‍ അബുദാബിയില്‍ നിന്ന് അമ്മനിലേക്ക് 895 ദിര്‍ഹം, ഇസ്താംബുളിലേക്ക് 925 ദിര്‍ഹം, മനിലയിലേക്ക് 195 ദിര്‍ഹം ആണ് ടിക്കറ്റ് ചാര്‍ജുകള്‍.
ബിസിനസ് ക്ലാസിന് 2295 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. ടിക്കറ്റ് നിരക്കിലെ ഡിസ്കൗണ്ടിന് പുറമെ കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത് സംബന്ധിച്ചും നിലവിലുള്ള നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും ഇത്തിഹാദ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള സര്‍വീസുകളും കമ്പനി വര്‍ധിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും ഉണ്ടായിരുന്ന പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്യുമെന്നും എയര്‍വേയ്സ് അറിയിക്കുന്നു.
കൊച്ചിയിലേക്ക് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ആഴ്ചയില്‍ ആകെ 21 സര്‍വീസ് ഉണ്ടാകും. വിദേശ രാജ്യങ്ങളിലെ നിരവധി സെക്ടറുകളിലേക്കും ഇത്തിഹാദ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിക്കുകയും നിലവിലുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തിട്ടുണ്ട്.