എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളും അധ്യാപകനോട് മാപ്പ് പറയണമെന്ന് കോളേജ് കൗണ്‍സില്‍. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാപ്പ് പറയണമെന്നാണ് നിര്‍ദേശം.
അതേസമയം കുട്ടികള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ വേണ്ടെന്നും കൗണ്‍സിലില്‍ ധാരണയായിട്ടുണ്ട്. കുട്ടികളുടെ ഭാവിയെ കരുതിയാണ് തീരുമാനം.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് കാലാവധി അവസാനിച്ചിരുന്നു. സംഭവത്തില്‍ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പരാതിയില്ലെന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു തീരുമാനം.
കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മൂന്നാം വര്‍ഷ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അറ്റന്‍ഡന്‍സ് മാറ്റേഴ്സ് എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച 10സെക്കന്‍ഡ് വരുന്ന വീഡിയോയില്‍ കുട്ടികള്‍ മൊബൈലില്‍ കളിക്കുന്നതും ഫാസില്‍ എന്ന വിദ്യാര്‍ത്ഥി അധ്യാപകന് പിന്നിലായി നില്ക്കുന്നതും കാണാം.
എന്നാല്‍ അധ്യാപകനെ അവഹേളിച്ചിട്ടില്ലെന്നും അധ്യാപകന് ക്ലാസ് കഴിഞ്ഞ് ഇറങ്ങാന്‍ നില്‍ക്കുകയായിരുന്നുവെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം.
അതേസമയം വിദ്യാര്‍ത്ഥികള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് പറയണമെന്ന് അപമാനിക്കപ്പെട്ട അധ്യാപകന് പ്രിയേഷ് പറഞ്ഞു. വ്യക്തിപരമായി ഒരു വിദ്യാര്‍ത്ഥിയോടും വിരോധമില്ല. പക്ഷെ, കാഴ്ച പരിമിതിയില്ലാത്ത ഒരു അധ്യാപകനായിരുന്നെങ്കില്‍ ഇങ്ങനെ നടക്കുമായിരുന്നില്ല എന്നും അധ്യാപന് കൂട്ടിച്ചേര്‍ത്തു.