റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ 25 തകര്‍ന്നതിന് പിന്നാലെ മുതിര്‍ന്ന ശാസ്ത്രജ്ഞനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതിര്‍ന്ന ശാസ്ത്രജ്ഞന് മിഖേല്‍ മാറോവിനെയാണ് ശനിയാഴ്ച ആരോഗ്യ നിലമോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റഷ്യയുടെ ചാന്ദ്ര ദൗത്യത്തിന്റെ തകര്‍ച്ച തന്നെ വല്ലാതെ ബാധിച്ചതായി മീഖേല് റഷ്യന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
‘ഞാന്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എനിക്ക് എങ്ങനെ ആശങ്കപ്പെടാതിരിക്കാനാവും? ഇത് ജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെയാണ്. ഇതെല്ലാം തന്നെ വലിയ ബുദ്ധിമുട്ടാണ് ഉള്‍ക്കൊള്ളാന്‍,’ അദ്ദേഹം പറഞ്ഞു.
നേരത്തെ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ ദൗത്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാമ് മീഖേല്.
ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യാന്‍ പറ്റിയില്ല എന്നത് ഏറെ ദുഃഖകരമായ കാര്യം തന്നെയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരുപക്ഷെ ചാന്ദ്ര ദൗത്യം അതിന്റെ ലക്ഷ്യത്തിലെത്തുന്നത് കാണാനുള്ള അവസാനത്തെ പ്രതീക്ഷയായിരുന്നു ഇത് എന്നും മീഖേല് പറഞ്ഞു.
അന്‍പത് വര്‍ഷത്തിനിടെ ചന്ദ്രനിലേക്ക് റഷ്യ ആദ്യമായി വിക്ഷേപിച്ച ദൗത്യമാണ് ലൂണ-25.
തിങ്കളാഴ്ച ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ചന്ദ്രനിലേക്ക് ഇറങ്ങുന്നതിന് തൊട്ട് മുമ്പുള്ള ഭ്രമണപഥം താഴ്ത്തുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് ചാന്ദ്രോപരിതലത്തില്‍ ഇടിച്ച് തകരുകയായിരുന്നു.
ഇന്ത്യ ചാന്ദ്രയാന്‍ വിക്ഷേപിച്ചതിന് ശേഷമാണ് ലൂണ വിക്ഷേപിച്ചതെങ്കിലും നേരത്തെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു റഷ്യ ലക്ഷ്യമിട്ടിരുന്നത്. ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. 2021ല്‍ ഒക്ടോബറില്‍ നടത്താനിരുന്ന വിക്ഷേപണമാണ് രണ്ട് വര്‍ഷത്തോളം വൈകി നടന്നത്.