റേഡിയോ ജോക്കി രാജേഷ് കുമാര്‍ വധക്കേസില്‍ ശിക്ഷ വിധിച്ചു. പിടിയിലായ രണ്ടും മൂന്നും പ്രതികളുടെ ശിക്ഷയാണ് വിധിച്ചത്. പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷ രൂപ പിഴയുമാണ് വിധിച്ചത്.
മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവരാണ് കേസില്‍ പിടിയിലായ പ്രതികള്‍. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരും കുറ്റക്കാരാണെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു. നാല് മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
നീചമായ കൃത്യമാണ് പ്രതികള്‍ നടത്തിയതെന്നും വധശിക്ഷയ്ക്ക് മാര്‍ഗ രേഖ കൊണ്ടു വന്നതുകൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നല്‍കാത്തതെന്നും കോടതി വ്യക്തമാക്കി.
മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷിനെ 2018 മാര്‍ച്ച് 27ന് പുലര്‍ച്ചെ 2.30 നാണ് മടവൂര്‍ ജംഗ്ഷനിലെ റെക്കാര്‍ഡിംഗ് സ്റ്റുഡിയോയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിന്റെ സുഹൃത്ത് വെള്ളല്ലൂര്‍ സ്വദേശി കുട്ടന് തോളിനും കൈക്കും പരിക്കേറ്റിരുന്നു.
ഖത്തറില്‍ ആയിരുന്നപ്പോള്‍ അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായി രാജേഷിന് അടുപ്പമുണ്ടായിരുന്നുവെന്ന സംശയത്തിന്മേലാണ് ഇയാളെ കൊല്ലാന്‍ സത്താര്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചത്.