നാഗ്പൂർ: വിമാനത്താവളത്തിനുള്ളിൽ കുഴഞ്ഞു വീണ ഇൻഡിഗോ എയർലൈൻസിൻ്റെ പൈലറ്റ് മരിച്ചു. നാഗ്പുർ വിമാനത്താവളത്തിൻ്റെ ബോർഡിംഗ് ഗേറ്റിൽ വച്ചാണ് ഇൻഡിഗോ വിമാനത്തിൻ്റെ പൈലറ്റ് കുഴഞ്ഞു വീണത്. നാഗ്പൂരിൽ നിന്നും പൂണെയിലേക്കുള്ള വിമാനത്തിലായിരുന്നു ഇദ്ദേഹത്തിന് ഡ്യൂട്ടി. വിമാനത്തിലേക്ക് പ്രവേശിക്കാനായി ബോർഡിംഗ് ഗേറ്റിലെത്തിയപ്പോൾ ആണ് അദ്ദേഹം കുഴഞ്ഞുവീണത്.
വിമാനത്താവളം ജീവനക്കാർ അദ്ദേഹത്തിന് അടിയന്തര ശ്രുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം കാരണമാണ് മരണം സംഭവിച്ചതെന്ന് നാഗ്പൂരിലെ ആശുപത്രിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മരണപ്പെട്ട പൈലറ്റ് ഡിജിസിഎ നിശ്ചയിച്ച റെസ്റ്റ് ടൈം (വിമാനസർവ്വീസുകൾക്ക് ഇടയിലുള്ള വിശ്രമസമയം) കഴിഞ്ഞ ശേഷമാണ് ഡ്യൂട്ടിക്കെത്തിയതെന്നും തുടർച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ഇൻഡിഗോ കമ്പനി അറിയിച്ചു. ഉച്ചയ്ക്ക് 1.24 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പതിനഞ്ച് മിനിറ്റിന് വൈകി മറ്റൊരു പൈലറ്റുമായി പുറപ്പെട്ടെന്നും കമ്പനി വ്യക്തമാക്കി.