സോളാര്‍ ലൈംഗികാതിക്രമ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. അടുത്തമാസം 18ന് ഹാജരാകാനാണ് കോടതി നിര്‍ദേശം.
അഡ്വ. സുധീര്‍ ജേക്കബ് സമര്‍പ്പിച്ച സ്വകാര്യ അന്യായ ഹര്‍ജിയിലാണ് കോടതി നടപടി. സോളാര്‍ കേസിലെ പീഡനാരോപണ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ ഗണേഷ്കുമാറും പരാതിക്കാരിയും ചേര്‍ന്ന് എഴുതിച്ചേര്‍ത്തതാണെന്നാണ് ഹര്‍ജിയിലെ ആരോപണം. 2018 ലായിരുന്നു ഹര്‍ജി.
എന്നാല്‍ ഈ ഹരജിയിലെ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സമന്‍സ് അയയ്ക്കാനോ മറ്റ് നടപടികള്‍ക്കോ സാധിക്കാതിരുന്നത്. കഴിഞ്ഞ ദിവസം സ്റ്റേ നീങ്ങിയതോടെയാണ് ഹര്‍ജി വീണ്ടും പരിഗണിച്ച കൊട്ടാരക്കര കോടതി ഗണേഷ് കുമാറിനോട് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോളാര്‍ പീഡന പരാതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തതില്‍ ഗണേഷ് കുമാറിനും അദ്ദേഹത്തിന്റെ ബന്ധു ശരണ്യ മനോജും ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.