മിത്ത് വിവാദത്തില്‍ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസിനെതിരെ ചുമത്തിയ കേസ് പുഃനപരിശോധിക്കാന്‍ നീക്കം. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ നീക്കം. നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും.
അനുമതിയില്ലാതെയണ് നാമജപ ഘോഷയാത്ര നടത്തിയതെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്
നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നാമജപ ഘോഷയാത്രയ്ക്കെതിരെ നിലവിലുള്ള വകുപ്പുകള്‍ നിലനില്‍ക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
തുടര്‍ നടപടികള്‍ അവസാനിപ്പിക്കുന്നതായി കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിനെ ഒപ്പം നിര്‍ത്താനുള്ള നീക്കത്തിലാണ് ഇടതുപക്ഷം. ഇതിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ കാണുകയും ചെയ്തിരുന്നു.
മിത്ത് വിവാദത്തില്‍ ആര്.എസ്.എസിനൊപ്പമല്ല എന്‍.എസ്.എസ് നിന്നതെന്നും ഒരു വര്‍ഗീയവാദിയും എന്‍.എസ്.എസ് ആസ്ഥാനത്തെക്ക് വരേണ്ടെന്ന് പറഞ്ഞയാളാണ് ജി സുകുമാരന്‍ നായര്‍ എന്നും ജെയ്ക് പറഞ്ഞിരുന്നു. മിത്ത് വിവാദത്തിന്റെ പശ്ചാത്തലം നിലനില്‍ക്കെ തന്നെ ജെയ്ക് സി. തോമസ് എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. വോട്ടിനല്ലേ, വരത്തിനല്ലല്ലോ വ്യക്തികളെ കാണുന്നതെന്നും എന്‍.എസ്.എസിനും വോട്ടുകളുണ്ട്. അതുകൊണ്ട് സന്ദര്‍ശനത്തില്‍ കുഴപ്പമില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞത്.
അതേസമയം തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടാണ് എടുക്കുന്നതെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. ചാണ്ടി ഉമ്മനും ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചിരുന്നു.