കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തിലെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങള്‍ പഠിപ്പിക്കണമെന്ന് കേരളത്തിലെ കരിക്കുലം കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഗാന്ധി വധം, ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഭരണകാലങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഗുജറാത്ത് കലാപം തുടങ്ങി പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള കാര്യങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താനാണ് കേരളം തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
‘രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധം സംബന്ധിച്ച കാര്യങ്ങള്‍, ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഭരണകാലത്തെ കാര്യങ്ങളുമായി ബന്ധപ്പെട്ടത്, ഗുജറാത്ത് കലാപം തുടങ്ങി കുറെ വിഷയങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ഒഴിവാക്കപ്പെട്ടത് സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മിറ്റി ചര്‍ച്ച ചെയ്തു. കരിക്കുലം കമ്മിറ്റിയുടെ സബ്കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കിയത് കേരളത്തില്‍ പഠിപ്പിക്കണമെന്ന് തീരുമാനിച്ചു,’ശിവന് കുട്ടി പറഞ്ഞു.
പുതിയ പാഠപുസ്തകം തയ്യാറാക്കി കഴിഞ്ഞു. ഓണം അവധി കഴിഞ്ഞാല്‍ ഉദ്ഘാടനം ചെയ്ത് കുട്ടികളുടെ കയ്യിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.