ആലപ്പുഴ: പ്രശസ്തമായ മണ്ണാറശ്ശാല നാഗക്ഷേത്രത്തിലെ മുഖ്യപൂജാരിയായ വലിയമ്മ ഉമാദേവി അന്തർജനം അന്തരിച്ചു. 93 വയസ്സായിരുന്നു. രാജ്യത്ത് സ്ത്രീ മുഖ്യപുരോഹിതയായി വരുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മണ്ണാറശ്ശാല.
കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും രുക്മിണിദേവി അന്തർജനത്തിൻ്റേയും മകളായിട്ടായിരുന്നു ഉമാദേവി അന്തർജനത്തിൻ്റെ ജനനം. 1949-ൽ എംജി നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് അവർ മണ്ണാറശ്ശാല ഇല്ലത്തേക്ക് എത്തുന്നത്. ഭർത്താവ് എംജി നാരായണൻ മരിച്ചതോടെ ഏക മകൾ വത്സലാദേവിക്കൊപ്പം ഇല്ലത്ത് ഒതുങ്ങിയ ഉമാദേവി അന്തർജനം 1993-ൽ അന്നത്തെ വലിയമ്മയായ സാവിത്രി അന്തർജനം അന്തരിച്ചതോടെയാണ് പൂജകളുടെ നടത്തിപ്പിന് ചുമതലയേറ്റെടുത്തത്. പ്രായത്തിൽ മൂത്ത പലരും അന്ന് തറവാട്ടിൽ ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ചാണ് ഉമാദേവിക്ക് ഈ നിയോഗം ഏറ്റെടുക്കേണ്ടി വന്നത്. ഒരു വർഷത്തോളം ഇല്ലത്തെ കാരണവരായ സുബ്രഹ്മണ്യൻ നമ്പൂതിരിക്ക് കീഴിൽ പൂജാവിധികൾ പഠിച്ച ശേഷം 1995 മാർച്ച് 22ന് ഉമാദേവി അന്തർജനം തറവാട്ടിലെ വലിയമ്മയായി മണ്ണാറശ്ശാല ക്ഷേത്രത്തിൽ ആദ്യമായി പൂജ നടത്തി.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ നാഗക്ഷേത്രമാണ് ആലപ്പുഴയിലെ ഹരിപ്പാടുള്ള മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. പരമേശ്വരൻ കഴുത്തിലണിഞ്ഞ വാസുകിയും നാഗമാതാവായ സർപ്പയക്ഷിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. നാഗയക്ഷി, നാഗാചാമുണ്ഡി എന്നീ പ്രതിഷ്ഠകളും ഒട്ടനവധി ഉപദേവകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ തല മുതിർന്ന സ്ത്രീ ആണ്. “വലിയമ്മ” എന്ന പേരിലാണ് പുരോഹിതയായ അന്തർജ്ജനം അറിയപ്പെടുക. നാഗരാജാവിന്റെ “അമ്മയുടെ” സ്ഥാനമാണ് വലിയമ്മക്ക് എന്നാണ് വിശ്വാസം. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തിലെ തികഞ്ഞ ഭക്തയായ അമ്മക്ക് മകനായി നാഗരാജാവായ അനന്തൻ അവതരിച്ചു എന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് സന്താന സൌഭാഗ്യത്തിനുള്ള ഉരുളി കമഴ്ത്തൽ.