മാവേലിക്കരയില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണ പ്രകാശ് മരിച്ച സംഭവത്തില്‍ അസ്വാഭാവികതയെന്ന് മോട്ടോര്‍വാഹന വകുപ്പ്. വാഹനം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുകയാണെന്നും അതിന് ശേഷമേ കാരണം വ്യക്തമാകൂ എന്നും മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാനുള്ള സാധ്യത കുറവാണെന്നും ഇന്‍സ്പെക്ടര്‍ അറിയിച്ചു.
‘ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാനുള്ള സാധ്യത കുറവാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കില്‍ എഞ്ചിന് ഭാഗത്ത് നിന്ന് തീപടര്‍ന്ന് പിന്നിലേക്ക് എത്തേണ്ടതായിരുന്നു. ഇതില്‍ എഞ്ചിന് ഭാഗത്തിന് കുഴപ്പമൊന്നുമില്ലെന്നും വയറുകളോ ഫ്യൂസോ പോയിട്ടില്ല, ഇന്ധന ടാങ്കും പരിശോധിക്കേണ്ടതുണ്ട്. മരിച്ച കൃഷ്ണ പ്രകാശ് ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന ആളായിരുന്നു,’മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു.
സിഗരറ്റ് വലിക്കുന്ന ആളായിരുന്നുവെന്നും എന്നാല്‍ കാറിനകത്തിരുന്ന് വലിക്കുന്ന ശീലമില്ലെന്നാണ് അടുത്ത് അറിയുന്നവര്‍ പറഞ്ഞതെന്നും ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച പുലര്‍ച്ചെ 12.45 ഓടെയായിരുന്നു അപകടം. വീട്ടിലേക്ക് കാര്‍ കയറ്റുതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ തീപിടിക്കുകയും ചെയ്തു. മാവേലിക്കര ഗേള്‍സ് ഹൈസ്കൂളിന് സമീപം കംപ്യൂട്ടര്‍ സ്ഥാപനം നടത്തുകയായിരുന്നു കൃഷ്ണ പ്രകാശ്.