ആലുവ: ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളായ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന അസഫാക്ക് ആലം സ്ഥിരം ക്രിമിനൽ. ഇയാൾ ദില്ലിയിൽ മറ്റൊരു പോക്സോ കേസിൽ പ്രതിയായിരുന്നുവെന്നും അവിടെ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം കേരളത്തിലേക്ക് മുങ്ങുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
2018-ലാണ് ദില്ലി ഗാസിപൂരിൽ വച്ച് പത്ത് വയസ്സുകാരിയെ മുഹമ്മദ് അസഫാക്ക് പീഡിപ്പിക്കാൻ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. ഗാസിപൂർ പൊലീസ് എടുത്ത കേസിൽ ഒരു മാസത്തോളം ജയിലിൽ കിടന്ന ശേഷമാണ് അസഫാക്ക് ആലം ജാമ്യത്തിൽ ഇറങ്ങിയത്.
തുടർന്ന് ദില്ലിയിൽ നിന്നും മുങ്ങിയ ഇയാൾ പിന്നെ പൊന്തിയത് കേരളത്തിലാണ് എന്നാണ് കരുതുന്നത്. ആലുവ പീഡന കേസിൽ അറസ്റ്റിലായ ശേഷം അന്വേഷണസംഘം ഇയാളെക്കുറിച്ച് ഉത്തരേന്ത്യയിൽ അന്വേഷണം നടത്തിയിരുന്നു. ബീഹാർ സ്വദേശിയായ ഇയാളുടെ പൂർവ്വകാല ചരിത്രം തേടി പൊലീസ് അവിടെയും എത്തിയിരുന്നു. ഇങ്ങനെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പോക്സോ കേസിൽ ദില്ലി ജയിലിൽ കിടന്ന കാര്യം പൊലീസിന് മനസ്സിലായത്.