ദുബായ്: ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി യു.എ.ഇ. അരി, അരിയുൽപന്നങ്ങൾ എന്നിവ അടുത്ത നാല് മാസത്തേക്ക് കയറ്റുമതിയും പുനർകയറ്റുമതിയും ചെയ്യുന്നത് വിലക്കി യുഎഇ സാമ്പത്തിക മന്ത്രാലായം ഉത്തരവിറക്കി. ഇന്ന് മുതൽ വിലക്ക് പ്രാബാല്യത്തിൽ വന്നു.
പ്രാദേശിക വിപണിയിൽ അരിയുടെ ലഭ്യത ഉറപ്പാക്കാൻ വേണ്ടിയാണ് കയറ്റുമതിക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. കയറ്റുമതിക്ക് പ്രത്യേക അനുമതി വേണ്ടവർ അപേക്ഷ നൽകണമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് മഴ വൈകിയത് കൃഷിയെ ബാധിച്ചതോടെയാണ് മുൻകരുതൽ എന്ന നിലയിൽ ഇന്ത്യ അരികയറ്റുമതി നിരോധിച്ചത്. നേരത്തെ വിത്തിറക്കിയ പല സ്ഥലങ്ങളിലും ഇതിനോടകം പ്രളയം കാരണം കൃഷിനാശം സംഭവിക്കുകയും ചെയ്തു. ഇതോടെ ധാന്യവിലയിൽ വർധനയുണ്ടായിട്ടുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ വില വർധനയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിലാണ് ഇന്ത്യ അരിയുടെ കയറ്റുമതി നിരോധിച്ചത്. യുഎഇയിലേക്ക് പ്രധാനമായും അരി എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. ഈ സാഹചര്യത്തിലാണ് അരിക്ഷാമം ഒഴിവാക്കാൻ യുഎഇയും കയറ്റുമതിയും പുനർകയറ്റുമതിയും വിലക്കിയത്. വിപണയിലേക്കുള്ള അരിയുടെ വരവ് സാധാരണ നിലയിലാവും വരെ ഇന്ത്യ കയറ്റുമതി നിയന്ത്രണം തുടരാനാണ് സാധ്യത.
അതേസമയം ബസുമതി ഇതര അരിയുടെ കയറ്റുമതി താത്കാലികമായി നിരോധിച്ച നടപടി ഇന്ത്യ പിൻവലിക്കണമെന്ന് ഐ.എം.എഫ് ആവശ്യപ്പെട്ടു. ലോകത്തെ പ്രധാന അരിയുത്പാദന രാജ്യമാണ് ഇന്ത്യയെന്നും വിപണിയിലേക്കുള്ള അരിയുടെ വരവ് കുറയുന്നത് ആഗോളതലത്തിൽ തന്നെ വിലക്കയറ്റത്തിനും ഭക്ഷ്യക്ഷാമത്തിനും കാരണമാകുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി.