ദില്ലി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്നരായി നടത്തിക്കുന്ന വീഡിയോ രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ചതിന് പിന്നാലെ സംഭവത്തിൽ ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ നടപടിക്കൊരുങ്ങുന്നതായി സൂചന. കാഴ്ച്ചക്കാരിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഈ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത് കമ്മ്യൂണിറ്റി ഗൈഡ് ലൈൻസിന് എതിരാണെന്ന വിലയിരുത്തലാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്. ക്രമസമാധാനത്തെ ബാധിക്കാൻ സാധ്യതയുള്ള ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഇന്ത്യയിലെ നിയമങ്ങൾക്ക് എതിരാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വീഡിയ പ്രചരിച്ച സംഭവത്തിൽ ട്വിറ്ററിനെതിരെ ഇന്നലെ രാത്രിയോടെ ഐടി മന്ത്രാലയത്തിൽ നടപടികൾ ആരംഭിച്ചുവെന്നാണ് സൂചന. ഇതോടൊപ്പം വീഡിയോ ട്വിറ്റർ അടക്കമുള്ള പ്ലാറ്റ്ഫോമുകളിലൂടെ കൂടുതൽ പ്രചരിക്കുന്നത് തടയാനും ഐടി മന്ത്രാലയം ഇടപെടൽ നടത്തി.
ലൈംഗീക അതിക്രമം നടന്നത് മെയിൽ, യുവതിയുടെ സഹോദരൻ കൊല്ലപ്പെട്ടു, മുഖ്യപ്രതി പിടിയിൽ
രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായ മണിപ്പൂരിലെ ലൈംഗീക അതിക്രമ വീഡിയോയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ആൾക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം നടന്നത് മെയ് മാസത്തിൽ. സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോയിലെ ആൾക്കൂട്ടം കൂട്ടത്തിലൊരു യുവതിയുടെ സഹോദരനെ അതേദിവസം തല്ലിക്കൊല്ലുകയും ചെയ്തു. അക്രമിസംഘത്തിൽ പ്രധാനിയെ ഇന്ന് ഉച്ചയോടെ മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ പരിശോധിച്ച് കൂടുതൽ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
കുംകി വിഭാഗത്തിലുള്ള ഒരു കുടുംബമാണ് വീഡിയോയിൽ കാണുന്ന അക്രമത്തിന് ഇരയായത് എന്നാണ് പുറത്തു വരുന്ന വിവരം. മെയ് നാലിനാണ് ഈ സംഭവം അരങ്ങേറുന്നത്. രാജ്യമാകെ പ്രതിഷേധമിരമ്പിയ ഈ സംഭവത്തിന് കാരണമായത് വംശീയ കലാപത്തിനിടെ പ്രചരിപ്പിക്കപ്പെട്ട ഒരു വ്യാജ വീഡിയോ ആണെന്നാണ് പൊലീസ് പറയുന്നത്.
ഭൂരിപക്ഷ ഗോത്രവിഭാഗമായ മെയ്തികൾക്ക് സർക്കാർ പട്ടികവർഗ്ഗ പദവി അനുവദിച്ചതിന് പിന്നാലെയാണ് മണിപ്പൂരിൽ കലാപം ആരംഭിച്ചത്. മലയോര മേഖലയിൽ കുംകി ഗോത്രവിഭാഗക്കാർ നടത്തിയ റാലിക്ക് പിന്നാലെ മെയ് മൂന്നിനാണ് സംഘർഷം തുടങ്ങുന്നത്.
കലാപവും വ്യാപക അക്രമവും ആരംഭിക്കപ്പെട്ടതിന് പിന്നാലെ താഴ്വരയോട് ചേർന്നുള്ള ഒരു കുംകി ഗ്രാമത്തിൽ നിന്നുള്ള ഒരു കുടുംബം അക്രമഭീതിയിൽ വനത്തിൽ ഒളിവിൽ താമസിക്കാൻ ആരംഭിച്ചു. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. 56 വയസ്സുള്ള ഒരാൾ, ഇയാളുടെ 19 വയസ്സുള്ള മകൻ, 21 വയസ്സുള്ള മകൾ. ഇവർക്കൊപ്പം മറ്റ് രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു, ഒരാൾക്ക് 42 വയസ്സും മറ്റേയാൾക്ക് 52 വയസ്സും.
ഇതിനിടയിലാണ് മെയ്തി വിഭാഗം സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന പേരിൽ ഒരു വ്യാജ വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്. ഇതിൽ പ്രകോപിതരായ മെയ്തി വിഭാഗം സംഘടിച്ച് കുംകി ഗ്രാമങ്ങൾ നശിപ്പിക്കാൻ തുടങ്ങി. ഇവർ മലയോരത്തെ ഗ്രാമത്തിൽ എത്തുകയും കാട്ടിൽ ഒളിച്ച കുംകി കുടുംബത്തിനായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഇതേസമയം കാട്ടിൽ വച്ച് ഈ കുടുംബം നൊങ്പൊക് സെക്മൈ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു മുട്ടി. ഇവരുമായി പൊലീസ് സംഘം സഞ്ചരിക്കുന്നതിനിടെ സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ വച്ച് ആയിരത്തോളം പേരടങ്ങിയ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരേയും കുടുംബത്തേയും വളഞ്ഞിട്ട് ആക്രമിച്ചു. പൊലീസിൽ നിന്നും ഈ കുടുംബത്തെ അക്രമിസംഘം വലിച്ചു കൊണ്ടു പോയി.
അക്രമിസംഘം പെൺകുട്ടിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച 19-കാരനായ സഹോദരനെ സംഘം സ്ഥലത്ത് വച്ച് മർദ്ദിച്ചു കൊന്നു. നഗ്നരായി നടത്തപ്പെട്ട രണ്ട് സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സംഗത്തിനും ഇരയായി. സംഭവത്തിൽ ഇരയുടെ ബന്ധുക്കൾ പിന്നീട് പൊലീസിന് പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 18 ന് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് പറയുന്നു. കേസ് മെയ് 21 ന് സംഭവം നടന്ന നോഗ്പോക്ക് സെക്മായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കലാപം ആരംഭിച്ചതിന് പിന്നാലെ മെയ് മൂന്ന് മുതൽ മണിപ്പൂരിൽ ഇൻ്റർനെറ്റ് ഭാഗീകമായി റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് സംസ്ഥാനമാകെ ഇൻ്റർനെറ്റ് ബന്ധം പുനസ്ഥാപിച്ചത്. ഇതിനു പിന്നാലെയാണ് അക്രമിസംഘം പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതും. മണിപ്പൂരിൽ രണ്ട് മാസത്തിലേറെയായി ഇൻ്റർനെറ്റ് സേവനം തടസ്സപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ നേരത്തെ ശശി തരൂർ എംപി വിമർശനം ഉന്നയിച്ചിരുന്നു.
പീഡന വീഡിയോ വൈറലുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതോടെ അക്രമിസംഘത്തിൽ ഉൾപ്പെട്ട ഹെറാദാസ് എന്നയാളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. 32 കാരനായ ഇയാൾ പച്ച ടീ ഷർട്ടിലാണ് വീഡിയോയിൽ കാണപ്പെടുന്നത് പൊലീസ് പറയുന്നു. ഫേഷ്യൽ റെക്കഗ്നിഷൻ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി വീഡിയോയിലെ മറ്റു പ്രതികളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പീഡനപരാതിയിൽ കേസെടുത്ത് 77 ദിവസമായിട്ടും ഇതുവരെ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. എന്തായാലും നിലവിൽ പന്ത്രണ്ട് സംഘങ്ങളായി തിരിഞ്ഞ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.