ലണ്ടൻ: ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ഋഷി സുനക്. 14 വർഷം ഭരണത്തിലുണ്ടായിരുന്ന കൺസർവേറ്റീവ് പാർട്ടിയെ പുറത്താക്കി ലേബർ പാർട്ടി അധികാരത്തിൽ.ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടി നേരിട്ടു. 650 അംഗ പാർലമെൻറിൽ 410 സീറ്റ് നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, ഋഷി സുനകിൻറെ കൺസർവേറ്റീവ് പാർട്ടിക്ക് 131 സീറ്റ് മാത്രമാണുള്ളത്. നിലവിൽ വോട്ടെണ്ണൽ തുടങ്ങിയിരിക്കുകയാണ്. ഔദ്യോഗിക ഫലങ്ങൾ അല്പസമയത്തിനകം പുറത്തുവരും. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് തുടങ്ങി 650 മണ്ഡലങ്ങൾ ഉൾപ്പെടുന്ന സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 326 സീറ്റുകൾ വേണം. ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻ പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി (എസ്.എൻ.പി), എസ്.ഡി.എൽ.പി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി (ഡി.യു.പി), സിൻ ഫെയിൻ, പ്ലെയ്ഡ് സിമ്രു, കുടിയേറ്റ വിരുദ്ധരായ റിഫോം പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് ജനവിധി തേടിയത്.