ബെംഗളൂരുവില്‍ ഐടി സ്ഥാപനത്തിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതികള്‍ പിടിയില്‍. ജോക്കര്‍ ഫെലിക്സ് എന്നറിയപ്പെടുന്ന ശബരീഷ്, വിനയ് റെഡ്ഢി, സന്തോഷ് എന്നിവരെയാണ് പിടികൂടിയത്.
എയ്റോണിക്സ്, മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം ഡി പാണീന്ദ്ര സുബ്രഹ്മണ്യ, സി ഇഒ വിനുകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വിനുകുമാര്‍ മലയാളിയാണ്.
കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് കൊലപാതകം നടത്തിയ ജോക്കര്‍ ഫെലിക്സ്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് ബെംഗളൂരു പൊലീസ് അറിയിക്കുന്നു.
ഫെലിക്സ് ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം ഓഫീസില്‍ അതിക്രമിച്ച് കയറി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. നോര്‍ത്ത് ബെംഗളൂരുവിലെ അമൃതഹള്ളിയിലെ പമ്പ എക്സ്റ്റന്‍ഷനില്‍ വെച്ചാണ് ഇന്നലെ വൈകിട്ട് കൊലപാതകം നടന്നത്. വിനുകുമാറിനെയും ഫണീന്ദ്രയെയും ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയാണ് മരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ജോക്കര്‍ ഫെലിക്സ് എന്നാണ് ശബരീഷ് അറിയപ്പെടുന്നത്. കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ ഇയാള്‍ മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു. എന്നാല്‍ എയറോണിക്സ് തന്റെ കമ്പനിക്ക് ഭീഷണിയാകും എന്ന തോന്നലില്‍ പക കടുത്തു. തുടര്‍ന്നാണ് കൊലപാതകത്തിലേക്ക് എത്തിയത്. ഒരു വര്‍ഷം മുമ്പ് തുടങ്ങിയ കമ്പനിയാണ് എയറോണിക്സ്.