സംവിധായകന് രാമസിംഹന് അബൂബക്കര്‍ (അലി അക്ബര്‍) ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച വിവരം അറിയിച്ചത്.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അയച്ച കത്തിലാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന സമിതി അംഗമായിരുന്ന രാമസിംഹന് നേരത്തെ തന്നെ പാര്‍ട്ടിയുടെ സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു.
ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിന്റെയും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘പണ്ട് പണ്ട് കുമ്മനം രാജേട്ടന് തോറ്റപ്പോള്‍ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആര്‍ക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ..
ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോള്‍ ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രന്….എല്ലാത്തില്‍ നിന്നും മോചിതനായി..
ഒന്നിന്റെ കൂടെമാത്രം,ധര്‍മ്മത്തോടൊപ്പം. ഹരി ഓം,’ എന്നാണ് രാമസിംഹന് അബൂബക്കറിന്റെ പോസ്റ്റ്. തലമൊട്ടയടിച്ച ചിത്രവും ഒപ്പം നല്‍കിയിട്ടുണ്ട്.
സംവിധായകന് രാജസേനനും നടന് ഭീമന് രഘുവും ബിജെപി വിടുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹന്റെയും ബിജെപിയില്‍ നിന്ന് രാജിവെച്ചുവെന്ന പ്രഖ്യാപനം വരുന്നത്.