പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യകാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങാനിരിക്കെ മഅ്ദനിയെ ആശുപത്രിയില്‍ ചെന്ന് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മഅ്ദനിയുടെ ആരോഗ്യ സ്ഥിതി മോശമാണ്. യാത്ര ചെയ്യാന്‍ പറ്റുന്ന സ്ഥിതിയിലല്ല. ഒരു കൊലപാതകിക്ക് പോലും വിധിക്കാത്ത ശിക്ഷയാണ് മഅ്ദനി അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പിതാവിനെ കാണാന്‍ സാധിക്കാതെയാണ് അദ്ദേഹം ഇന്ന് മടങ്ങുന്നത്. സംസാരിക്കാന്‍ കഴിയുന്നുണ്ട്. മനസിന്റെ കരുത്തുകൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടുമാണ് അദ്ദേഹം പിടിച്ച് നില്‍ക്കുന്നത്.
കോടതി വിധി ആയതിനാലും മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലുമാണ് അദ്ദേഹം പോകുന്നത്. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇടപെടല്‍ നടത്തും. കര്‍ണാടക സര്‍ക്കാരിന്റെ നിലപാടിനനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മഅ്ദനി ഇന്ന് വൈകീട്ട് ബെംഗളൂരുവിലേക്ക് തിരിക്കും. കഴിഞ്ഞ മാസം 26നാണ് അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തില്‍ എത്തിയത്.
ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ് തേടി മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ കോടതി മഅ്ദനിയുടെ ഹര്‍ജി പരിഗണിച്ചിട്ടില്ല. മഅ്ദനിയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും രണ്ട് കിഡ്നിയും തകരാറിലാണെന്നും പിഡിപി നേതൃത്വം അറിയിച്ചിരുന്നു. നാട്ടിലെത്തിയെങ്കിലും മഅ്ദനിക്ക് ഇതുവരെയും പിതാവിനെ കാണാന്‍ സാധിച്ചിട്ടില്ല. കേരളത്തിലെത്തിയ മഅ്ദനിക്ക് നാട്ടിലേക്ക് തിരിക്കുന്ന വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.