തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെ ഉടൻ തീരുമാനിക്കുമെന്നാണ് വിവരം.
അന്വേഷണ സംഘത്തിൽ എഡിജിപിയേക്കാൾ ഉയർന്ന റാങ്ക് ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് മാത്രമാണുള്ളത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാർശ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് ഡിജിപിയുടെ ശുപാർശയിൽ ആഭ്യന്തര വകുപ്പ് എം ആർ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത്.
ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് ഇന്ന് വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് കൈമാറുമെന്നാണ് വിവരം. അന്വേഷണ സംഘത്തേയും ഇന്ന് തന്നെ തീരുമാനിക്കുമെന്നും സൂചനയുണ്ട്.